ആറു മണിക്കൂറുകൾ..600 ചോദ്യങ്ങൾ…സംവാദ ലോകത്ത് പുതു ചരിത്രം കുറിക്കാൻ ആർ ശ്രീകണ്ഠൻ നായർ

March 16, 2018

ആറു മണിക്കൂറുകൾ…100 അതിഥികളോടായി  600 ചോദ്യങ്ങൾ.. !ആഗോള മാധ്യമ രംഗത്ത് അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു   സംവാദ യാത്രയ്ക്കൊരുങ്ങുകയാണ് ഫ്ളവേഴ്സ്  ചാനലിന്റെ അമരക്കാരനായ ആർ ശ്രീകണ്ഠൻ നായർ.ആഴമേറിയ സംവാദങ്ങളുടെ ലോകത്തേക്ക് ലോകമലയാളികളെ കൈപിടിച്ചുയർത്തിയ സംവാദ യാത്ര 1000 എപ്പിസോഡുകൾ പിന്നിടുന്ന വേളയിലാണ് ഐതിഹാസിക സംവാദ വിസ്മയവുമായി ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്.

ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച അവതാരകൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനുള്ള  ഒഫീഷ്യൽ  ഗിന്നസ്  അറ്റംറ്റുമായി  ആർ ശ്രീകണ്ഠൻ നായർ എത്തുമ്പോൾ മലയാള പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയങ്ങളാണ് ഫ്ളവേഴ്സ് ഒരുക്കുന്നത്.   ശ്രീകണ്ഠൻ നായരുടെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്കൂളിൽ വെച്ച്  മാർച്ച് 18 രാവിലെ 11.30 മുതൽ ആരംഭിക്കുന്ന റെക്കോർഡ് ബ്രേക്കിംഗ് ടോക്ക് ഷോ തത്സമയം പ്രേക്ഷകർക്ക് മുൻപിലെത്തുന്നു..!2013 ൽ  6 മണിക്കൂറിൽ 175 ചോദ്യങ്ങൾ ആരാഞ്ഞുകൊണ്ട് ഗ്രഹാം നോർട്ടൻ സ്ഥാപിച്ച ഗിന്നസ് റെക്കോർഡ് തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ആർ ശ്രീകണ്ഠൻ നായർ എന്ന മലയാള മാധ്യമ ലോകത്തെ അതികായൻ  കച്ചകെട്ടുന്നത്.

ഇന്ത്യൻ മാധ്യമ ചരിത്രത്തിലാദ്യമായി  1000 എപ്പിസോഡുകൾ പിന്നിടുന്ന സംവാദ യാത്രയ്ക്ക് നിറപ്പകിട്ടേകാൻ ഫ്ളവേഴ്സ് ഒരുക്കുന്ന ഗിന്നസ് ഉത്സവം..!  മലയാളത്തിലെ നക്ഷത്ര താരങ്ങളും ഫ്ളവേഴ്സ് കലാകാരന്മാരും ചേർന്നൊരുക്കുന്ന  ദൃശ്യവിരുന്നായ  ഫ്ളവേഴ്സ് സ്റ്റാർ നൈറ്റിലൂടെ   പുതു ചരിത്രം പിറക്കുന്ന അസുലഭ നിമിഷങ്ങളും തത്സമയം പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ആറു മണിക്കൂർ  സംവാദവും തുടർന്ന് അരങ്ങേറുന്ന സ്റ്റാർ നൈറ്റുമടക്കം 11 മണിക്കൂർ നീണ്ടുനിൽക്കുന്ന തത്സമയ സംപ്രേക്ഷണത്തിലൂടെ ഫ്ളവേഴ്സ് ചാനലും ചരിത്രത്താളുകളിൽ ഇടം പിടിക്കാനൊരുങ്ങുന്നു.