”ആ സിക്സ് ഞാൻ മാത്രം കണ്ടില്ല”..; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

March 19, 2018

വിജയത്തിനും പരാജയത്തിനുമിടയിൽ ഒരു പന്തകലം മാത്രം..ഒരു സിക്‌സിനപ്പുറം ത്രസിപ്പിക്കുന്ന വിജയവും ഒരു ഫോറിനപ്പുറം ആവേശമേറ്റുന്ന സൂപ്പർ ഓവറും കാത്തിരിക്കേ ലോകം മുഴുവൻ ദിനേഷ് കാർത്തിക്കിന്റെ ബാറ്റിലേക്ക് ഉറ്റു നോക്കുകയായിരുന്നു. അവസാന പന്തെറിയാനെത്തിയ സൗമ്യ സർക്കാർ ഒരു വൈഡ് യോർക്കറിലൂടെ കാർത്തിക്കിനെ കീഴടക്കാൻ ശ്രമിച്ചുവെങ്കിലും പന്ത് പറന്നത് നേരെ ബൗണ്ടറി ലൈനിലേക്ക്.ഫോറിനപ്പുറം ഇന്ത്യൻ ആരാധകർ ഒന്നടങ്കം പ്രാർത്ഥിച്ച ആ സിക്സർ പിറന്നിരിക്കുന്നു..! അതെ അത്യന്തം ആവേശം നിറഞ്ഞുനിന്ന നിദാഹസ് ട്രോഫി ഫൈനൽ ഇന്ത്യക്ക് സ്വന്തം..!
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്കിനെ വീര നായകനാക്കിയ ആ സിക്സർ കാണാത്ത ഒരു ക്രിക്കറ്റ് ആരാധകനും ഇന്ത്യയിൽ ഉണ്ടാവില്ല.എന്നാൽ ദൗർഭാഗ്യവശാൽ ആ മനോഹര സിക്സർ കാണാൻ തനിക്ക് കഴിഞ്ഞില്ലെന്ന വെളിപ്പെടുത്തലുമായാണ് മത്സരത്തിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ എത്തിയിരിക്കുന്നത്.


‘കളി സൂപ്പര്‍ ഓവറിലേക്ക് പോകുമെന്നാണ് ഞാന്‍ വിചാരിച്ചത്. അവസാന പന്ത് ഫോര്‍ ആയാല്‍ സൂപ്പര്‍ ഓവര്‍ വരും. അതിനായി പാഡ് ധരിക്കാന്‍ വേണ്ടി ഡ്രസ്സിങ് റൂമിലേക്ക് പോയതായിരുന്നു ഞാന്‍. പക്ഷേ അപ്പോഴേക്കും അവസാന പന്തില്‍ സിക്സ് അടിച്ച് കാര്‍ത്തിക് മത്സരം വിജയിപ്പിച്ചിരുന്നു.’ -രോഹിത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കളി ഫിനിഷ് ചെയ്യാനുള്ള കാർത്തിക്കിന്റെ കഴിവിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും മുസ്തഫിസുറിനെ പോലുള്ള ഒരു ബൗളർ പന്തെറിയാനിരിക്കെ കാർത്തിക്കിനെ പോലെ പരിചയസമ്പന്നനായ ഒരു ബാറ്റ്സ്മാൻ ക്രീസിലുണ്ടാവേണ്ടത് അനിവാരസ്യമായിരുന്നുവെന്നും രോഹിത് കൂട്ടിച്ചേർത്തു.ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കാർത്തിക്കിന് കഴിയുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ് ബാറ്റിംഗ് ഓർഡറിൽ അദ്ദേഹത്തെ തഴോട്ടിറക്കിയതെന്നും രോഹിത് പറഞ്ഞു.