അശ്രദ്ധമായി നിലയുറപ്പിച്ച ഫീൽഡർക്കു നേരെ പന്തെറിഞ്ഞ് ബൗളർ; പാകിസ്ഥാൻ സൂപ്പർ ലീഗിൽ നാടകീയ രംഗങ്ങൾ

March 15, 2018

സ്ലെഡ്ജിങ്ങിന്റെ ഭാഗമായി എതിർ ടീമിലെ ബാറ്റ്സ്മാന് നേരെ പന്തെറിയുന്ന ബൗളർമാരെ നാം പലതവണ കണ്ടിട്ടുണ്ട്.എന്നാൽ സ്വന്തം ടീമിലെ താരത്തിനു നേരെ അരിശത്തോടെ പന്തെറിയുന്ന ബൗളറെ ഇതിന് മുൻപ് കണ്ടിട്ടുണ്ടാവാൻ സാധ്യതയില്ല.ഇത്തരത്തിൽ  ക്രിക്കറ്റിൽ കേട്ടുകേൾവിയില്ലാത്ത രംഗങ്ങൾക്കാണ് പാകിസ്ഥാൻ സൂപ്പർ ലീഗിലെ ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സും ലാഹോര്‍ ഖലന്തറും തമ്മിലുള്ള മത്സരം സാക്ഷ്യം വഹിച്ചത്. പാകിസ്ഥാൻ താരങ്ങളായ സുഹൈൽ ഖാനും യാസിർ ഷായും തമ്മിലാണ് കളിക്കളത്തിൽ കൊമ്പു കോർത്തത്.

മത്സരത്തിലെ പത്തൊൻപതാം ഓവർ എറിയുകയായിരുന്നു സൊഹൈൽ ഖാൻ ടീമിലെ ഫീൽഡർമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു.എന്നാൽ യാസിർ ഷാഈ സമയം  ബൗളറെയും നിർദ്ദേശങ്ങളെയും  ശ്രദ്ധിക്കാതെ നിൽക്കുകയായിരുന്നു.അശ്രദ്ധമായി നിലകൊണ്ട യാസിർ ഷാ തന്റെ നിർദ്ദേശങ്ങൾ ഗൗനിക്കുന്നില്ലെന്നു കണ്ട സൊഹൈൽ ഖാൻ അരിശത്തോടെ  പന്ത് യാസിർ ഷായ്ക്ക് നേരെ വലിച്ചെറിയുകയായിരുന്നു.സൊഹൈൽ ഖാന്റെ അസ്വാഭാവിക പെരുമാറ്റം കണ്ടതോടെ യാസിർ ഷായും ദേഷ്യപ്പെട്ടു. എന്നാൽ വാഗ്വാദം കൂടുതൽ തീവ്രമാകുന്നതിനു മുന്നേ ഖലന്തേഴ്‌സ് നായകൻ ബ്രെണ്ടൻ മക്കെല്ലം ഇടപെട്ട് ഇരു താരങ്ങളെയും ശാന്തമാക്കുകയായിരുന്നു.

കളിക്കളത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ട്ടിച്ചുവെങ്കിലും മത്സരത്തിൽ ഖലന്തേഴ്‌സ് 19 റൺസിന്   ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിനെ പരാജയപ്പെടുത്തി. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ കണ്ട ഏറ്റവും ചിരിയുണർത്തുന്ന രംഗങ്ങൾ എന്നാണ് സംഭവത്തെക്കുറിച്ച് കെവിൻ പീറ്റേഴ്‌സൺ ട്വീറ്റ് ചെയ്തത്.