മലയാള ടെലിവിഷൻ ചരിത്രത്തിലാദ്യമായി 1 കോടിയിലധികം കാഴ്ച്ചക്കാരുമായി ഫ്ളവേഴ്സിലെ ഉപ്പും മുളകും

March 6, 2018

മലയാള ടെലിവിഷൻ ചരിത്രത്തിലാദ്യമായി   ഒരു കോടിയിലധികം കാഴ്ച്ചക്കാരുമായി  മിനിസ്ക്രീൻ റെക്കോർഡുകൾ തിരുത്തിയെഴുതി  ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. കേരളക്കരയിലെ ഏറ്റവും  ജനപ്രിയമായ  സീരിയൽ ഏതെന്ന ചോദ്യത്തിന്  ഇനി മറ്റൊരു ഉത്തരം തേടേണ്ടതില്ല..സാധാരണക്കാരുടെ കഥയുമായെത്തി പ്രേക്ഷക മനസ്സിൽ ഒരു ഹരമായി മാറിയ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പര മലയാളത്തിലെ ഇതര മിനിസ്ക്രീൻ സീരിയലുകളെ കാഴ്ചക്കാരുടെ എണ്ണത്തിൽ ബഹുദൂരം പിറകിലാക്കിയിരിക്കുകയാണ്..

ബഹുഭൂരിപക്ഷം വരുന്ന ഇടത്തരക്കാരായ മലയാളി കുടുംബങ്ങളിൽ ദിവസേനയുണ്ടാകുന്ന രസകരമായ സംഭവങ്ങൾ നർമത്തിൽ ചാലിച്ചവതരിപ്പിക്കുന്നുവെന്നതാണ് ഉപ്പും മുളകിനെയും മറ്റു സീരിയലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കുളത്തറ ശൂലന്‍കുടി വീട്ടില്‍ ബാലചന്ദ്രന്‍ തമ്പി എന്ന ബാലുവിന്റേയും പടവലത്തെ നീലിമ എന്ന നീലുവിന്റേയും അവരുടെ മക്കളുടെയും രസകരമായ കഥ പറയുന്ന ഉപ്പും മുളകും സംവിധാനം ചെയ്യുന്നത് ആർ ഉണ്ണികൃഷ്ണനാണ്.. സ്വാഭാവിക നർമത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന തിരക്കഥയൊരുക്കുന്നത് സുരേഷ് ബാബുവാണ്.ബാലുവിനും നീലിമയ്ക്കും ഒപ്പം മക്കളായ മുടിയൻ(വിഷ്ണു), ലെച്ചു, കേശു, ശിവ എന്നിവരും ചേർന്നൊരുക്കുന്ന ഹാസ്യ വിരുന്ന്  ലോക മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു..

ബാലുവായി ബിജു സോപാനവും, നീലുവായി നിഷാ സാരംഗും എത്തുമ്പോൾ മക്കളുടെ കഥാപാത്രങ്ങളെ അങ്ങേയറ്റം രസകരമാക്കുന്നത് ഋഷി എസ്. കുമാർ, ജൂഹി രസ്തോഗി, അൽ സാബിത്, ശിവാനി മേനോൻ എന്നിവർ  ചേർന്നാണ്. കൃതിമത്വം   നിറഞ്ഞ സീരിയൽ കാഴ്‌ച്ചകളും നിലവാരമില്ലാത്ത കദന കഥകളും കണ്ടു മടുത്ത മലയാളി പ്രേക്ഷകർക്ക് പുത്തൻ ഹാസ്യത്തിന്റെ  നിറചിരി വസന്തം സമ്മാനിച്ച ഉപ്പും മുളകും  ജന ഹൃദയങ്ങൾ കീഴടക്കികൊണ്ടുള്ള യാത്ര  തുടരുന്നു.. പകരം വെക്കാനില്ലാത്ത നർമബോധത്തിന്റെ ചിറകിലേറി  മലയാളി പ്രേക്ഷകർക്ക് പുത്തൻ കാഴ്ച്ചകളൊരുക്കുന്ന ഉപ്പും മുളകും ഫ്ളവേഴ്സ് ചാനലിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 .30  ന് സംപ്രേക്ഷണം ചെയ്യുന്നു.