യോർക്കറിൽ അത്ഭുതം തീർത്ത് വഹാബ് റിയാസ്; വീഡിയോ കാണാം

March 26, 2018

ഒരുപിടി മികച്ച പേസ് ബൗളർമാരെ ലോകത്തിന് സമ്മാനിച്ച രാജ്യമാണ് പാകിസ്ഥാൻ. തീ പാറുന്ന പന്തുകളുമായി എതിർബാറ്റ്സ്മാനെ വിറപ്പിക്കുന്ന പേസർമാർ എന്നും പാകിസ്ഥാൻ നിരയിലുണ്ടായിരുന്നു.അത്തരത്തിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബൗളർമാരിൽ ഒരാളാണ് പാകിസ്ഥാന്റെ വഹാബ് റിയാസും. 2015 ൽ നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയയെ വിറപ്പിച്ചതും 2011 ലോകകപ്പിലെ സെമി ഫൈനലിൽ ഇന്ത്യയുടെ താളം തെറ്റിച്ച സ്പെല്ലുമെല്ലാം വഹാബ് റിയാസ് എന്ന കരുത്തനായ പേസറുടെ മികവിന്റെ ഉദാഹരണമായിരുന്നു.

ഇപ്പോൾ പാകിസ്ഥാൻ സൂപ്പർ  ലീഗിലും തന്റെ ‘മാരക’ ബൗളിങ്ങുമായി  വാർത്തകളിൽ നിറയുകയാണ് വഹാബ് റിയാസ്.  പിഎസ്എല്ലിലെ കലാശപ്പോരാട്ടത്തിൽ ഇസ്ലാമബാദ് യുണൈറ്റഡ് തരാം ഹുസൈൻ താലറ്റാണ് വഹാബിന്റെ ‘മാരക’ യോർക്കറിന് മുന്നിൽ മറുപടിയില്ലാതെ കൂടാരം കയറിയത്.അമ്പരപ്പിക്കുന്ന  യോർക്കറിലൂടെ മിഡിൽ സ്റ്റമ്പ് മിഴുതെടുത്ത വഹാബിന്റെ വിക്കറ്റ് ആഘോഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. യോർക്കറിലൂടെ വാർത്തകളിൽ താരമായെങ്കിലും മത്സരത്തിൽ വഹാബ് റിയാസിന്റെ പെഷവാർ സാൽമി രണ്ടു വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.