സെമിയിൽ കാലിടറിയ ഗോവക്ക് വിരാട് കോഹ്ലിയുടെ സന്ദേശം

March 14, 2018

ഐഎസ്എൽ നാലാം സീസണിലെ രണ്ടാം പാദ സെമിഫൈനലിൽ ചെന്നൈയിൻ എഫ് സി യോട് അടിയറവു പറഞ്ഞ ഗോവൻ ടീമിന് വിരാട് കോഹ്ലിയുടെ സന്ദേശം.  ഫൈനലിലേക്ക് മുന്നേറാൻ സാധിക്കാത്തതിൽ  നിരാശയുണ്ടെന്നും എന്നാൽ ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഗോവ കാഴ്ചവെച്ചതെന്നും വിരാട് സന്ദേശത്തിൽ കുറിച്ചു. മികച്ച സീസൺ സമ്മാനിച്ച ഗോവൻ താരങ്ങളെയും  പരിശീലകൻ ലൊബേറയെയും അഭിനന്ദിച്ചുകൊണ്ടാണ് ടീമിന്റെ മുഖ്യ ഉടമകൂടിയായ കോഹ്ലി തന്റെ ട്വിറ്റെർ സന്ദേശം അവസാനിപ്പിച്ചത്.

ഗോവയിൽ നടന്ന ആദ്യപാദ സെമി ഫൈനലിൽ  ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചിരുന്നു. എന്നാൽ ചെന്നൈയിലെ മറീന അരീനയിൽ നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ചെന്നൈയിൻ എഫ് സി ഗോവയെ നിലംപരിശാക്കുകയിയിരുന്നു.  ആദ്യ പകുതിയിൽ ചെന്നൈ ഗോൾ മുഖത്തേക്ക് നിരന്തരം ഇരച്ചെത്തിയ ഗോവയ്ക്ക് തന്നെയായിരുന്നു കളിയിൽ മുൻ‌തൂക്കം.എന്നാൽ സെമിഫൈനൽ സമ്മർദ്ദത്തിനടിമപ്പെട്ടുപോയ മുന്നേറ്റ താരങ്ങൾക്ക് ഫിനിഷിങ്ങിൽ പിഴച്ചപ്പോൾ ഗോൾ മാത്രം അകന്നുനിന്നു. കളിയുടെ ഗതിക്ക് വിരുദ്ധമായി രണ്ടാം പകുതിയുടെ തുടക്കത്തിൽ ജെജെയിലൂടെ  ചെന്നൈയിൻ എഫ് സി ലീഡ് നേടുകയായിരുന്നു.അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന്റെ ഷോക്കിൽ നിന്നും മുക്തമാകുന്നതിനു മുന്നേ ധനപാൽ ഗണേഷ് ഗോവയ്ക്ക് രണ്ടാം പ്രഹരവും സമ്മാനിച്ചു.
രണ്ടു ഗോളിന് പിന്നിലായതോടെ പ്രതിരോധം മറന്ന് അക്രമണത്തിനിറങ്ങിയ ഗോവയുടെ അവസാന പ്രതീക്ഷകളും തകർത്ത് ജെജെ മൂന്നാം ഗോളും നേടുകയായിരുന്നു. മാർച്ച് 17 നു നടക്കുന്ന ഫൈനലിൽ ചെന്നൈയിൻ എഫ് സി ബെംഗളുരുവിനെ നേരിടും.ബംഗളുരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം.