”ശരീരം തളർന്നു തുടങ്ങുന്നു”; ആരാധകരെ ആശങ്കയിലാഴ്ത്തി കോഹ്ലിയുടെ വെളിപ്പെടുത്തൽ.

March 15, 2018


തുടർച്ചയായ ജോലി ഭാരം ശാരീരികമായ ബുദ്ധിമുട്ടുകൾ നൽകുന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി.ഇപ്പോൾ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട വേളയിലാണ് ജോലി ഭാരത്തെക്കുറിച്ച് നായകൻ പുതിയ വെളിപ്പടുത്തലുകൾ നടത്തിയത്.ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം ലഭിച്ചത് വലിയ അനുഗ്രഹമാണെന്നും ചില ചെറിയ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇതുവഴി സാധിക്കുമെന്നും ക്യാപ്റ്റൻ കോഹ്ലി വ്യക്തമാക്കി.

“പഴയ പോലെ ജോലിക്കൂടുതൽ കൈകാര്യം ചെയ്യാൻ പറ്റാതായിരിക്കുന്നു.ശാരീരികമായി ചെറിയ ചില ബുദ്ധിമുട്ടുകൾ എന്നെ അലട്ടുന്നുണ്ട്. ജോലി ഭാരം ചെറിയ തോതിൽ എന്നെ അലട്ടാൻ തുടങ്ങിയിട്ടുണ്ടെന്നതാണ് സത്യം.അവയെല്ലാം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ. നിരന്തരമുള്ള ജോലിക്കിടെ ലഭിച്ച ഈ വിശ്രമ വേള ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഇത്തരം വിശ്രമ വേളകൾ വളരെ പ്രധാനപ്പെട്ടതാണ്”-കോഹ്ലി പറഞ്ഞു.

ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ പര്യടനങ്ങൾക്ക് മുന്നോടിയായി മുതിർന്ന താരങ്ങൾക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. കോഹ്ലി,ധോണി, ഭുവനേശ്വർ കുമാർ,ജസ്പ്രീത് ഭുംറ, ഹർദിക് പാണ്ഡ്യ തുങ്ങിയവർക്കാണ് ബിസിസിഐ വിശ്രമം അനുവദിച്ചത്.ശ്രീലങ്കൻ പര്യടനത്തിൽ കോഹ്ലിയുടെ അഭാവത്തിൽ രോഹിത്ത് ശർമയാണ് ഇന്ത്യയുടെ യുവ നിരയെ നയിക്കുന്നത്. ജോലിഭാരം തന്നെ അലട്ടുന്നുവെന്ന ഇന്ത്യയുടെ റൺമെഷീന്റെ വെളിപ്പെടുത്തലുകൾ ആശങ്കയോടെയാണ് ക്രിക്കറ്റ് ആരാധകർ നോക്കിക്കാണുന്നത്.