ബൗണ്ടറി ലൈനിൽ ‘ഡാൻസിങ്ങ്’ ക്യാച്ചുമായി ബെൻ സ്റ്റോക്സ്; വീഡിയോ കാണാം
ഐപിഎൽ പതിനൊന്നാം സീസണിലെ ഏറ്റവും വിലകൂടിയ താരമാണ് ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ്. 12.5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഈ ആൾ റൗണ്ടർ താരത്തെ ടീമിലെത്തിച്ചത്.എന്നാൽ പണത്തിന്റെ പെരുമയ്ക്കൊത്ത പ്രകടനം ഇതുവരെയും കാഴ്ച്ചവെക്കാൻ സ്റ്റോക്ക്സിനായിട്ടില്ല. പോയ വർഷം റൈസിംഗ് പുണെ സൂപ്പർ ജയന്റസിനായി മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റോക്സ് പക്ഷെ ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല..
ബാറ്റിങ്ങും ബൗളിങ്ങിലും കാര്യമായ സംഭാവന നൽകാൻ കഴിയാതിരുന്ന സ്റ്റോക്സ് പക്ഷെ ഇന്നലെ കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ കിടിലൻ ഫീൽഡിങ്ങുമായാണ് കാണികളെ അമ്പരപ്പിച്ചത്.
മത്സരത്തിന്റെ പതിമൂന്നാം ഓവറിൽ കൊൽക്കത്തയുടെ റോബിൻ ഉത്തപ്പയെ പുറത്താക്കാനാണ് സ്റ്റോക്സ് ബൗണ്ടറി ലൈനിൽ അത്ഭുതം കാണിച്ചത്. സിക്സെന്നുറപ്പിച്ച ഉത്തപ്പയുടെ ഷോട്ട് ബൗണ്ടറി ലൈനിനടുത്ത് വെച്ച് കയ്യിലൊതുക്കിയ സ്റ്റോക്സ് ബാലൻസ് തെറ്റിയതോടെ പന്ത് വായുവിൽ മുകളിക്കറിയുകയായിരുന്നു. സ്റ്റോക്സ് പ്രതീക്ഷിച്ച പോലെ തന്നെ തന്റെ കാൽ ബൗണ്ടറി ലൈനിൽ സ്പർശിച്ചുവെങ്കിലും അന്നേരം പന്ത് വായുവിലായിരുന്നു. ബാലൻസ് വീണ്ടെടുത്ത സ്റ്റോക്സ് ഒടുവിൽ അനായാസം പന്ത് കൈപ്പിടിയിലൊതുക്കി വിക്കറ്റ് ആഘോഷിച്ചു. സിക്സെന്നുറപ്പിച്ച ഷോട്ടിൽ പുറത്താകേണ്ടി വന്നതിന്റെ അമ്പരപ്പ് പ്രകടമാക്കിക്കൊണ്ടാണ് ഉത്തപ്പ കളം വിട്ടത്.
മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യം ഏഴു പന്തുകൾ ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. 48 റൺസെടുത്ത റോബിൻ ഉത്തപ്പയുടെയും 42 റൺസുമായി പുറത്താകാതെ നിന്ന ദിനേഷ് കാർത്തിക്കിന്റെയും മികവിലാണ് കൊൽക്കത്ത അനായാസ വിജയം നേടിയത്. 35 റൺസ് വീതം നേടിയ നരൈനും നിതീഷ് റാണയും മികച്ച പിന്തുണ കൂടി നൽകിയതോടെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും സമ്മർദത്തിലാവാതെ തന്നെ കൊൽക്കത്ത വിജയതീരത്തെത്തി. 36 റൺസെടുത്ത അജിൻക്യ രഹാനെയുടെയും 44 റൺസെടുത്ത ഷോർട്ടിന്റെയും മികവിലാണ് രാജസ്ഥാൻ 160 റൺസെന്ന പൊരുതാവുന്ന സ്കോറിലെത്തിയത്. ഓപ്പണർമാർക്ക് ശേഷമെത്തിയ ബാറ്റ്സ്മാന്മാർ അവസരത്തിനൊത്തുയരാതിരുന്നതോടെയാണ് രാജസ്ഥാൻ ഇന്നിംഗ്സ് 160 റൺസിലൊതുങ്ങിയത്. കൊൽക്കത്തയുടെ സുനിൽ നരൈനും കുറാനും രണ്ടു വിക്കറ്റുകൾ വീതം നേടി . വീഡിയോ കാണാം