ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ലൈനപ്പായി; ജീവന്മരണ പോരാട്ടത്തിനൊരുങ്ങി വമ്പൻ ക്ലബുകൾ

April 13, 2018

യുവേഫാ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ മത്സരക്രമം പ്രഖ്യാപിച്ചു. സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന റയൽ മാഡ്രിഡും  ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കും തമ്മിലാണ് ആദ്യ മത്സരം. ക്വാർട്ടർ ഫൈനലിൽ  ബാഴ്‌സിലോണയെ അട്ടിമറിച്ചെത്തിയ എ എസ് റോമ ഇംഗ്ലീഷ് ക്ലബായ ലിവർപൂളിനെ നേരിടും. ഇംഗ്ളണ്ടിൽ നിന്നു തന്നെയുള്ള പെപ് ഗാർഡിയോളയുടെ മാഞ്ചെസ്റ്റർ സിറ്റിയെ ക്വാർട്ടറിൽ തോൽപ്പിച്ചാണ് ലിവർപൂൾ അവസാന നാലിലേക്ക് എത്തിയത്.

സെമിഫൈനലിൽ ആദ്യ പാദ മത്സരങ്ങൾ ഏപ്രിൽ  24 നും രണ്ടാം പാദം മെയ് അഞ്ചിനുമാണ് അരങ്ങേറുക. ക്വാർട്ടർ  ഫൈനലിൽ അവസാന നിമിഷം നേടിയ പെനാൽറ്റി ഗോളിലൂടെ യുവന്റസിനെ കീഴ്പ്പെടുത്തിയ റയൽ മാഡ്രിഡും ബയേണും തമ്മിലുള്ള മത്സരമാണ് ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സ്പെയിനിൽ നിന്നു തന്നെയുള്ള സെവിയ്യയെ തോൽപ്പിച്ചാണ് ബയേൺ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്..