ഹോം ഗ്രൗണ്ടായി ചെന്നൈ ടീം ആഗ്രഹിച്ചത് ഈ വേദിയെ; ആഗ്രഹം നിരസിച്ചത് ബിസിസിഐ
രണ്ടു വർഷത്തെ വിലക്കിനു ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സ് സ്വപ്ന തുല്യമായ തുടക്കമാണ് ആരാധകർക്ക് സമ്മാനിച്ചത്.. ആദ്യ മത്സരത്തിൽ ബ്രാവോയുടെ തകർപ്പൻ ഫിനിഷിങ്ങിൽ മുംബൈക്കെതിരെ വിജയം സ്വന്തമാക്കിയ ചെന്നൈ രണ്ടാം മത്സരത്തിൽ കൊൽക്കത്തയെയാണ് പരാജയപ്പെടുത്തിയത്. എന്നാൽ ധോണി നയിക്കുന്ന ടീം തുടർച്ചയായ രണ്ടു മത്സരങ്ങൾ വിജയിച്ചുവെങ്കിലും കാവേരി വിഷയവുമായി ബന്ധപ്പെട്ട പ്രാദേശിക വിവാദങ്ങൾ മൂലം ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂണെയിലേക്ക് മാറ്റേണ്ടി വന്നത് ആരാധകരെ നിരക്ഷപ്പെടുത്തിയിരുന്നു.
കാവേരി വിഷയത്തെ തുടർന്ന് ചെന്നൈക്കുപകരമായി പുണെ, രാജ്കോട്ട്, വിശാഖപട്ടണം, തിരുവനന്തപുരം എന്നീ നാല് വേദികളാണ് ബിസിസിഐ സിഎസ്കെ ടീം മാനേജ്മെന്റിനു മുൻപിൽ വെച്ചത്. പക്ഷെ ഇവയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തോടായിരുന്നു ചെന്നൈയ്ക്ക് കൂടുതൽ താല്പര്യം. എന്നാൽ മുംബൈ ഇന്ത്യൻസിന്റെ ഹോം മാച്ചുകളും രണ്ടു നോക്ക് ഔട്ട് മത്സരങ്ങൾക്കും പുറമെ ചെന്നൈയുടെ മത്സരങ്ങൾ കൂടി വാംഖഡെ യിൽ നടത്താൻ ആവില്ലെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. ബിസിസിഐ മുന്നോട്ടു വെച്ച നാല് ഓപ്ഷനുകളിൽ ധോണിയുടെ നിർദേശപ്രകാരമാണ് പൂണെയെ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനായി പൂനെയിൽ കളിച്ചതിന്റെ പരിചയസമ്പത്താണ് ഹോംഗ്രൗണ്ടായി പൂനെയെ തിരഞ്ഞെടുക്കാൻ ധോണിയെ പ്രേരിപ്പിച്ചത്