അവിശ്വസനീയം…അവർണനീയം..റോണോയുടെ ഈ ഗോൾ…!

April 4, 2018

താൻ പരിശീലിപ്പിച്ച  ടീമിലെ കളിക്കാരന്റെ ഗോൾ കണ്ട് സ്വന്തം പരിശീലകൻ പോലും തലയിൽ കൈവെക്കുക.. !കലാശപ്പോരാട്ടത്തിൽ സ്വന്തം ടീമിന്റെ വല കുലുക്കിയ എതിർ ടീം താരത്തിന്  ഗോൾ വഴങ്ങിയ ടീമിന്റെ ആരാധകർ എഴുന്നേറ്റ് നിന്ന് ആദരമർപ്പിക്കുക..! യുവേഫാ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ ആദ്യ പാദ പോരാട്ടത്തിൽ  യുവന്റസിനെതിരെ റയലിന്റെ റൊണാൾഡോ നേടിയ മാന്ത്രിക ഗോളാണ്   ഫുട്ബോൾ ലോകത്ത് അധികമൊന്നും കേട്ടുകേൾവിയില്ലാത്ത  ഇത്തരം കാഴ്ച്ചകൾക്ക്  വഴിയൊരുക്കിയത്.   മത്സരത്തിന്റെ 64ാം മിനുട്ടിലാണ് ഫുട്ബോൾ ലോകത്തെ മുഴുവൻ അമ്പരപ്പിച്ച അത്ഭുത ഗോളുമായി സിആർ 7 എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ കാൽപന്തുകളിയിലെ മാന്ത്രികനായി മാറിയത്.

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ റയലിനെ മുന്നിലെത്തിച്ച റൊണാൾഡോ രണ്ടാം പകുതിയിലാണ് വിശ്വരൂപം പുറത്തെടുത്തത് വലതുവിങ്ങിൽ  നിന്നും ഡാനി കാർവജൽ ഉയർത്തി നൽകിയ ക്രോസ് യുവെയുടെ പെനാൽറ്റി ബോക്സിലേക്ക് ഒരു മഴവില്ലുപോലെ പറന്നിറങ്ങിയപ്പോൾ ഞൊടിയിട നഷ്ടപ്പെടുത്താതെ അസാധ്യമായൊരു ബൈസിക്കിൾ കിക്കിലൂടെ റോണോ വലയിലെത്തിക്കുകയായിരുന്നു.. മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെ തോൽപ്പിച്ചത്..റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയപ്പോൾ റയലിന്റെ  ബ്രസീൽ താരം  മാഴ്‌സെലോ അവസാന ഗോൾ നേടി.  റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബുവിലാണ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദം അരങ്ങേറുക.