‘ഈ നേട്ടം ഞാൻ അർഹിക്കുന്നില്ല…’ നിരാശനായി വിരാട് കോഹ്ലി

April 18, 2018

വിരാട് കോഹ്ലി,  ഏബി ഡി വില്ലേഴ്‌സ്, ക്വിന്റൺ ഡി കോക്ക്, ബ്രെണ്ടൻ മക്കുല്ലം, ക്രിസ് വോക്‌സ്  ലോകത്തെ ഏറ്റവും സ്ഫോടക ശേഷിയുള്ള ബാറ്റിംഗ് നിരയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റേതെന്ന് പറഞാൻ അതിൽ ഒട്ടും അതിശയോക്തിയില്ല.ഫുട്ബാളിൽ മെസ്സിയും റൊണാൾഡോയും ഒരു ടീമിൽ കളിക്കുന്നതുപോലെയാണ് ക്രിക്കറ്റിൽ കോഹ്‌ലിയും ഡിവില്ലേഴ്‌സും ചേർന്നുള്ള സഖ്യം..

ഏറെ പ്രതീക്ഷകളോടെ കന്നിക്കിരീടം ലക്ഷ്യമിട്ടിറിങ്ങിയ ബെംഗളുരുവിന് പക്ഷെ  ആശാവഹമായ തുടക്കമല്ല  ഐപിൽ പതിനൊന്നാം സീസൺ നൽകിയിരിക്കുന്നത്. നാലു മത്സരങ്ങൾ പൂർത്തിയാക്കിയ മൂന്നു തോൽവിയും ഒരു വിജയവുമായി ഏഴാം സ്ഥാനത്താണ് നിൽക്കുന്നത്.

ടൂർണമെന്റിലെ നാലാം മത്സരത്തിൽ ശക്തരായ മുംബൈക്കെതിരെ 46 റൺസിനാണ് കോഹ്ലിയുടെ ടീം പരാജയപ്പെട്ടത്.  92 റൺസോടെ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കോഹ്ലിക്ക് സാധിച്ചുവെങ്കിലും പേരുകേട്ട മധ്യനിരയുടെ ഭാവനാശൂന്യമായ ബാറ്റിങ്ങാണ് ബാംഗ്ളൂരിനെ തോൽവിയിലേക്ക് തള്ളിവിട്ടത്. 92 റൺസടക്കം ടൂർണമെന്റിൽ  ആകെ 202 റൺസ് സ്വന്തമാക്കിയ കോഹ്ലി ഇതോടെ ഏറ്റവും കൂടുതൽ റൺസെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിന്റെ  മലയാളി താരം സഞ്ജു സാംസണെ മറികടന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ ഓറഞ്ച് ക്യാപ് നേടിയത്.

എന്നാൽ ടീം ദയനീയമായി പരാജയപ്പെടുമ്പോൾ തന്റെ ഓറഞ്ച് ക്യാപ് നേട്ടത്തിന് യാതൊരു വിലയുമില്ലെന്ന് മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞു. ‘ഈ ഓറഞ്ച് ക്യാപ്പ് ധരിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതു പോലെയാണ് എനിക്ക് തോന്നുന്നത്.ടീം തുടർച്ചയായി പരാജയപ്പെടുമ്പോൾ നായകൻ എന്ന  നിലയിൽ എനിക്ക് ഇതിന്റെ ആവശ്യമില്ല.  നല്ല തുടക്കം ലഭിച്ചിട്ടും മത്സരം കൈവിട്ടു കളഞ്ഞു. വിക്കറ്റ് നഷ്ടപ്പെടുത്തന്നതിൽ കുറച്ചുകൂടി ശ്രദ്ധ നൽകുകയും ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ റൺറേറ്റ് കുറയുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം’ – കോഹ്ലി പറഞ്ഞു. രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയം നേടിയ മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തെ പ്രശംസിക്കാനും ഇന്ത്യൻ നായകൻ മറന്നില്ല.