ഇത്തവണ ധോണിയുടെ കളി മാറും..മുന്നറിയിപ്പുമായി പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ..!

April 3, 2018

കുറച്ചു നാൾ മുൻപ് വരെ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു.. സമ്മർദ്ദ നിമിഷങ്ങളിലും മനസ്സാന്നിധ്യം കൈവിടാതെ ഇന്ത്യയെ വിജയ തീരത്തേക്ക് നയിച്ച  വിശ്വസ്തനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാക്ഷാൽ എം എസ് ധോണി..എന്നാൽ  പഴയത്‌പോലെ സിക്സറുകളും ഫോറുകളും പായിക്കാൻ  കഴിയാതെ ധോണിയുടെ ബാറ്റ് ഉഴറിയപ്പോൾ കടുത്ത ആരാധകർ പോലും നെറ്റി ചുളിച്ചു തുടങ്ങി.. ഇന്നിംഗ്സ് കരുപ്പിടിപ്പിക്കാൻ കൂടുതൽ സമയം എടുക്കുന്നുവെന്നു വന്നതോടെ ധോണി വെറുമൊരു വിക്കറ്റ് കീപ്പർ മാത്രമായി ഒതുങ്ങിയെന്നുവരെ വിമർശകർ പറഞ്ഞു തുടങ്ങി.എന്നാൽ  കണക്കുകളിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പരിമിത ഓവർ നായകനായ ധോണിയുടെ കീഴിൽ ഐപിഎല്ലിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന ചെന്നൈ സൂപ്പർകിങ്സിനായി ധോണിയും  ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ്.  ഫിനിഷർ എന്ന നിലയിൽ നിന്നും മാറി ബാറ്റിംഗ് ഓർഡറിൽ മുന്നോട്ടു കയറി കളിക്കുമെന്നാണ് സിഎസ്കെ പരിശീലകൻ ഫ്ലെമിംഗ് വെളിപ്പെടുത്തിയിരിക്കുന്നത്..

“ഇന്നിംഗ്‌സ് ഫിനിഷർ എന്ന റോളിൽ നിന്നും മാറി ബാറ്റിംഗ് ഓർഡറിൽ കുറച്ചുകൂടി മുന്നോട്ടു കയറിയാകും ധോണി ഇത്തവണ  കളിക്കുക. കൃത്യമായ ഒരു പൊസിഷൻ തീരുമാനിച്ചിട്ടില്ല.സന്ദർഭം അനുസരിച്ചാണ് ബാറ്റിംഗ് ഓർഡർ നിശ്ചയിക്കുക. പക്ഷെ ഒരു ബാറ്റ്സ്മാന്റെ റോൾ കുറേകൂടി പ്രാധാന്യത്തോടെ ധോണി ഏറ്റെടുക്കും.അമ്പാട്ടി റായ്ഡു, രവീന്ദ്ര ജഡേജ, കേദാർ ജാദവ് എന്നിവർ ടീമിലുള്ളതിനാൽ മധ്യനിര പ്ലാൻ ചെയ്യാൻ എളുപ്പമാണ്.ഞങ്ങൾക്ക് ഒരുപാട് ഓപ്ഷനുകളുണ്ട്..”-ഫ്ലെമിംഗ് പറഞ്ഞു