വിമർശകരെ…നിങ്ങൾ പലകുറി കാണണം ഈ ധോണി ‘സ്പെഷ്യൽ’ ഇന്നിംഗ്സ്..!

April 26, 2018

എണ്ണം പറഞ്ഞ 33 സിക്സുകളാണ് ഇന്നലെ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗാലറികളിലേക്ക് പറന്നിറങ്ങിയത്. ഡി കോക്കും ഡി വില്ലേഴ്‌സും  തുടങ്ങി വെച്ച ബാറ്റിംഗ് വിരുന്ന് പിന്നീടെത്തിയ അമ്പാട്ടി റായ്ഡുവും ധോണിയും ഏറ്റെടുത്തതോടെ നിരവധി  പുതിയ റെക്കോർഡുകളും ചിന്നസ്വാമിയിൽ പിറന്നു .  പക്ഷെ  പിറന്നു വീണ റെക്കോർഡുകളേക്കാൾ ആരാധകരെ സന്തോഷിപ്പിച്ചത് മറ്റൊന്നായിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ എന്ന് വിളിപ്പേരുള്ള സാക്ഷാൽ എം എസ് ധോണിയുടെ  പഴയ  പ്രതാപത്തിലേക്കുള്ള മടങ്ങിവരവ്..! കാലം കഴിഞ്ഞുവെന്ന് കടുത്ത ആരാധകർ പോലും വിശ്വസിച്ചു തുടങ്ങിയ നേരത്താണ് വിമർശകരുടെ വായടപ്പിക്കുന്ന ബാറ്റിംഗ് വിസ്ഫോടനവുമായി ‘ക്യാപ്റ്റൻ കൂൾ’ കളിയിലെ താരമായത്.

ഒരു ഘട്ടത്തിൽ അപ്രാപ്യമെന്നു തോന്നിച്ച റൺസ് ചേസിങ്ങിൽ,  34 പന്തിൽ 7 പടു കൂറ്റൻ സിക്സറുകളുടെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെ 70 റൺസുമായി പുറത്താകാതെ നിന്ന ധോണി  തന്നെയാണ് തന്റെ പതിവു ശൈലിയിൽ കളി അവസാനിപ്പിച്ചത്. കോറി ആൻഡേഴ്സണെ മിഡ് ഓണിലൂടെ സിക്സർ പായിച്ച് വിജയം നേടിയപ്പോഴും കൂടുതൽ ആഹ്ലാദപ്രകടനങ്ങൾ ഇല്ലാതെ നടന്നു നീങ്ങിയ ധോണിയെ നാം ഇതിന് മുൻപും പലകുറി കണ്ടിട്ടുണ്ട്. എന്നാൽ നിലയുറപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നുണ്ടെന്നും പഴയ വീര്യം ചോർന്നുപോയെന്നുമൊക്കെയുള്ള വിമർശനങ്ങളെ കൂടിയാണ് ഈ ഒരൊറ്റ ഇന്നിംഗ്സിലൂടെ ധോണി ഗ്യാലറിക്ക് പുറത്താക്കിയത്. ആരാധകരെ മുൾമുനയിൽ നിർത്തിയ അതിനേക്കാളേറെ ത്രസിപ്പിച്ച ആ മനോഹര ഇന്നിംഗ്സ് കാണാം.