റാഷിദ് ഖാനെ സിക്സ് മഴയിൽ മുക്കി ഗെയ്ൽ കൊടുങ്കാറ്റ്- വീഡിയോ കാണാം

April 20, 2018

കിങ്സ് ഇലവൻ പഞ്ചാബിനായി ഒരിക്കൽ കൂടി ഗെയ്ൽ  തന്റെ വിശ്വരൂപം പുറത്തെടുക്കുന്ന കാഴ്ച്ചക്കാണ്  ഇന്നലെ മൊഹാലിയിലെ പിസിഎ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മെല്ലെത്തുടങ്ങി ഒടുവിൽ സംഹാര രൂപിയായി മാറിയ ഇന്നിംഗ്സിൽ സൺറൈസേഴ്സ് നിരയിലെ ലോകോത്തര ബൗളെർമാരെല്ലാം ഗെയ്‌ൽ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. ലോകത്തെ ഒന്നാം നമ്പർ ടി20 ബൗളറായ റാഷിദ്ഖാനാണ് ബൗളർമാരിൽ ഏറ്റവും കൂടുതൽ തല്ലു വാങ്ങിയത്. പേസ് വേരിയഷൻ കൊണ്ടും സ്പിൻ മികവിനാലും ബാറ്റ്സ്മാനെ വട്ടം കറക്കാറുള്ള റാഷിദ് ഖാന്റെ തന്ത്രങ്ങളെല്ലാം ഗെയ്‌ലിന്റെ കൈക്കരുത്തിന് മുന്നിൽ ദാരുണമായി പരാജയപ്പെടുകയായിരുന്നു.
മത്സരത്തിന്റെ 14ാം ഓവർ എറിയാനെത്തിയപ്പോഴാണ്  റാഷിദ് ഖാനെ ഗെയ്ൽ നിലം തൊടാതെ ബൗണ്ടറികൾ പായിച്ചത്. ആദ്യ പന്തിൽ  സിംഗിളെടുത്ത  കരുൺ  നായർ സ്ട്രൈക്ക് ഗെയ്‌ലിന് കൈമാറി. പിന്നീടുള്ള നാലു പന്തുകൾ തുടരെ തുടരെ സിക്സ്കർ പായിച്ചുകൊണ്ടാണ് ലോക ഒന്നാം നമ്പർ ബൗളറെ ഗെയ്ൽ വരവേറ്റത്.  നാലോവറിൽ  13 .75  എക്കണോമിയിൽ 55 റൺസാണ് മത്സരത്തിൽ റാഷിദ് ഖാൻ വഴങ്ങിയത്. ഗെയ്ൽ താണ്ഡവം കാണാം

63 പന്തിൽ 11 സിക്സറുകളുടെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെ 104 റൺസ്  നേടിയ ഗെയ്‌ലിന്റെ ബാറ്റിംഗ് മികവിൽ 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് കിങ്‌സ് ഇലവൻ പഞ്ചാബ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റു പോയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ഹൈദരാബാദിന് 178 റൺസെടുക്കാനേ കഴിഞ്ഞുള്ളു.  ടൂർണമെന്റിലെ മൂന്നാം വിജയത്തോടെ    ആറു പോയിന്റുമായി പോയിന്റ് പട്ടികയിൽ  കിങ്‌സ് ഇലവൻ പഞ്ചാബ്  മൂന്നാം സ്ഥാനത്തേക്ക് കയറി.