ഐപി എൽ പൂരത്തിന് ഇന്ന് കൊടിയേറും; ആദ്യ മത്സരത്തിൽ ചെന്നൈ-മുംബൈ പോരാട്ടം

April 7, 2018

കുട്ടി ക്രിക്കറ്റിന്റെ ആവേശപ്പൂരത്തിന് അരങ്ങുണർത്തിക്കൊണ്ട്  ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം സീസണിന് ഇന്ന് കൊടികയറും.. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഉദ്ഘാടന മത്സരത്തിൽ  രോഹിത് ശർമ്മ നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും  എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും.  വൈകീട്ട് നടക്കുന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം 8 മണിക്കാണ് മത്സരം ആരംഭിക്കുക.

രണ്ടു വർഷത്തെ വിലക്കിനു ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിങ്സ്  കിരീടനേട്ടത്തോടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. എം എസ് ധോണി, റെയ്ന, ജഡേജ,,  ബ്രാവോ,  ഡുപ്ലെസി തുടങ്ങിയ പ്രധാന താരങ്ങളെ നിലനിർത്തിയ ചെന്നൈ താരലേലത്തിലൂടെ ഒരു പിടി മികച്ച താരങ്ങളെയും ടീമിലെത്തിച്ചിരുന്നു.

പോയ വർഷത്തെ  ആവേശോജ്വലമായ ഫൈനലിൽ അവിശ്വസനീയ വിജയം നേടി കിരീടം നേടിയ മുംബൈ ഒരിക്കൽ കൂടി കിരീട നേട്ടം ആവർത്തിക്കാനുള്ള സജീവമായ തയ്യാറെടുപ്പിലാണ്. രോഹിത് ശർമ്മ, ഹർദിക് പാണ്ട്യ, ജസ്പ്രീത് ബുംറ , കൃണാൽ പാണ്ഡ്യ, കീറോൺ പൊള്ളാർഡ് തുടങ്ങിയ സൂപ്പർ താരങ്ങളെ നിലനിർത്തിയ മുംബൈ  സന്തുലിതവും കഴിഞ്ഞ വർഷത്തേതിനേക്കാൾ  കൂടുതൽ ശക്തവുമായ നിരയുമായാണ് ഇത്തവണ പോരിനിറങ്ങുന്നത്.