ഐപിൽ; ടോസ് നേടിയ ഡൽഹി ആദ്യം ബൗൾ ചെയ്യും
ഐപിഎല്ലിലെ 22ാം മത്സരത്തിൽ ടോസ് നേടിയ ഡൽഹി ഡെയർ ഡെവിൾസ് കിങ്സ് ഇലവൻ പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു. തുടർ തോൽവികളുമായി ഉഴറുന്ന ഗൗതം ഗംഭീറിന്റെ ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. അതേ സമയം വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ എതിരാളികളെ നിലം പരിശാക്കുന്ന പതിവു ശൈലിയിൽ വിജയം ആവർത്തിക്കാനാണ് ആർ അശ്വിൻ നയിക്കുന്ന പഞ്ചാബിന്റെ ലക്ഷ്യം.
അഞ്ചു മത്സരങ്ങളിൽ നാല് വിജയങ്ങൾ നേടിയ കിങ്സ് ഇലവൻ പഞ്ചാബ് 8 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.എന്നാൽ അഞ്ചു മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ട ഡൽഹിയാകട്ടെ വെറും രണ്ടു പോയിന്റിന്റെ സമ്പാദ്യവുമായി പട്ടികയിൽ ഏറ്റവും ഒടുവിലാണുള്ളത്. മധ്യ നിര ഫോമിലേക്കുയരാത്തതും സമ്മർദ്ദ ഘട്ടങ്ങളിൽ ബൗളിംഗ് നിര അനാവശ്യമായി റൺസ് വഴങ്ങുന്നതുമാണ് ഡൽഹിയെ തുടർ തോൽവികളിലേക്ക് നയിച്ചത്. അവസാന മത്സരത്തിൽ ബാംഗ്ലൂരിനെതിരെ 175 റൺസിന്റെ വലിയ വിജയ ലക്ഷ്യം ഉയർത്താനായെങ്കിലും ഏബി ഡി വില്ലേഴ്സിന്റെ തകർപ്പൻ ബാറ്റിങ്ങിന് മുൻപിൽ ആറു വിക്കറ്റിന്റെ കനത്ത തോൽവി വഴങ്ങാനായിരുന്നു ഡൽഹിയുടെ വിധി. അതേ സമയം കരുത്തരായ കൊൽക്കത്തയെ തോൽപ്പിച്ചെത്തുന്നതിന്റെ ആത്മവിശ്വാസവുമായാണ് പഞ്ചാബ് ഇന്ന് കളിക്കാനിറങ്ങുന്നത്. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയിലാണ് മത്സരം നടക്കുന്നത്.