”കമ്മാരനെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു”; റിലീസ് ദിനത്തിൽ കമ്മാര സംഭവത്തെ പ്രേക്ഷകർക്ക് സമർപ്പിച്ച് ദിലീപ്

April 14, 2018

ദിലീപിനെ നായകനാക്കി  നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത   ചിത്രം  ‘കമ്മാര സംഭവം’   റീലീസ് ചെയ്തു.  ദിലീപിന്റെ കരിയറിലെ ഏറ്റവു വലിയ ചിത്രമായ കമ്മാര സംഭവത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.കമ്മാരന്റെ വ്യത്യസ്തമായ മൂന്നു കാലഘട്ടങ്ങളുടെ കഥയാണ്  ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ റിലീസ് ദിവസമായ ഇന്ന്  കമ്മാര സംഭവം പ്രേക്ഷകർക്ക് സമർപ്പിച്ചുകൊണ്ടുള്ള ദിലീപിന്റെ ഫേസ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.. ഉയർച്ചയിലും താഴ്ച്ചയിലും കൂടെനിന്ന പ്രേക്ഷകർക്കും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് തന്റെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രവുമായി എത്തുന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിൽ സമർപ്പിച്ചത്. 20 കോടിയിലധികം മുതൽ മുടക്കിൽ മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന കമ്മാര സംഭവം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം എം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.ദിലീപിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം.

ദൈവത്തിനു സ്തുതി,
എന്നെ നെഞ്ചോട്‌ ചേർത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകർക്കും,എന്റെ ചങ്കായ ആരാധർക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം,
“കമ്മാര സംഭവം” ഞാൻ നിങ്ങൾക്കുമുന്നിൽ സവിനയം സമർപ്പിക്കുകയാണ്‌… എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്‌!!
എന്നെ വിശ്വസിച്ച്‌ ഈ കഥാപാത്രങ്ങളെ ഏൽപ്പിച്ച സംവിധായകനോടും,തിർക്കഥാകൃത്തിനോടും,നിർമ്മാതാവിനോടും നൂറുശതമാനം നീതി പുലർത്തിയീട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,
നിങ്ങൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനുപൂർണ്ണതയുണ്ടാവുന്നത്‌. നിങ്ങളേവരുടേയും,പ്രാർത്ഥനയും,കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാർത്ഥനയോടെ,
“കമ്മാരനെ”ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.
എല്ലാവർക്കും
മലയാള പുതുവർഷാശംസകൾ.