ആവേശം അവസാന പന്തുവരെ..! സൂപ്പർ ക്ലൈമാക്സിൽ മുജീബ് റഹ്മാൻ മാജിക്കിൽ പഞ്ചാബിന് വിജയം-വീഡിയോ കാണാം

April 24, 2018

 

വിജയത്തിൽ കുറഞ്ഞ ഒരു ഫലവും തങ്ങൾളുടെ മുന്നോട്ടുള്ള വഴിക്ക് ഗുണകരമാവില്ലെന്ന തിരിച്ചറിവോടെയാണ് ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിട്ടത്. ബാറ്റിംഗ് വിസ്ഫോടനങ്ങളുമായി എതിരാളികളെ മുട്ടുകുത്തിക്കുന്ന പഞ്ചാബിനെ 144 റൺസെന്ന താരതമ്യേന ചെറിയ സ്കോറിന് തളച്ചിട്ടപ്പോൾ ഒരു മാത്ര ഡൽഹി വിജയം പ്രതീക്ഷിച്ചതുമാണ്..

എന്നാൽ നിർണായകമായ മത്സരത്തിൽ പരിചയസമ്പന്നനായ നായകൻ ഗൗതം ഗംഭീറടക്കമുള്ള ഡൽഹിയുടെ പേരുകേട്ട മധ്യനിര ഒരിക്കൽ കൂടി പരാജയപ്പെട്ടപ്പോൾ മത്സരം ഇരു വശത്തേക്കും മാറി മറിഞ്ഞുകൊണ്ടേയിരുന്നു. ഒരറ്റത്തു വിക്കറ്റുകൾ കൊഴിഞ്ഞു കൊണ്ടിരുന്നപ്പോഴും മറു വശത്ത് പതറാതെ പൊരുതിയ  യുവ തരാം ശ്രേയസ് അയ്യർ മാത്രമാണ് ഡൽഹിയുടെ വിജയ പ്രതീക്ഷകൾ കെടാതെ സൂക്ഷിച്ചത്. ഒടുവിൽ ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരം അവസാന ഓവറിൽ എത്തിയപ്പോൾ ഡൽഹിക്ക് വേണ്ടിയിരുന്നത് ആറ് പന്തിൽ 17 റൺസ്.

അവസാന ഓവർ എറിയാനായി  പഞ്ചാബ് നായകൻ പന്തേൽപ്പിച്ചത് മുജീബ് റഹ്മാനെ.   ശ്രേയസ് അയ്യരുടെ ബാറ്റിംഗ് മികവിൽ വിശ്വാസമർപ്പിച്ച ഡൽഹി ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ആദ്യ പന്ത്   ഡോട്ട് ബോളായി മാറി.എന്നാൽ രണ്ടാം പന്തിൽ സിക്സറുമായി മത്സരത്തിലേക്ക് തിരിച്ചെത്തിയ ശ്രേയസ് പിന്നീടുള്ള മൂന്നു പന്തുകളിൽ ഒരു ബൗണ്ടറി അടക്കം നേടിയത് ആറു റൺസ്. അതോടെ  ഒരു പന്ത് ശേഷിക്കെ അഞ്ചു റൺ അകലത്തിൽ ജയവും പരാജയവും കാത്തു നിൽക്കേ പഞ്ചാബിന്റെയും ഡൽഹിയുടേയും ആരാധകർ പ്രാർത്ഥനകളോടെടെ കൈകൂപ്പി നിന്നു. ഒടുവിൽ മുജീബ് റഹ്മാന്റെ കാരം ബോൾ കൃത്യമായി കണക്ട് ചെയ്യാൻ കഴിയാതെപോയ ശ്രേയസ് അയ്യരുടെ ഷോട്ട്  ആരോൺ ഫിഞ്ചിന്റെ കൈകളിൽ   ഒതുങ്ങിയപ്പോൾ പഞ്ചാബ് താരങ്ങളും ആരാധകരും അത്യാവേശത്തോടെ വിജയം ആഘോഷിച്ചു. അവസാന പന്തിൽ പൊരുതി വീണതിന്റെ വേദനയും നിരാശയും ശ്രേയസ് അയ്യരുടെയും ഡൽഹി നായകൻ ഗംഭീറിന്റെയും മുഖത്തു പ്രകടമായിരുന്നു.അവസാന ഓവർ കാണാം