നിഷാദ് ആദ്യമായി അമ്മയുടെ സ്വരം കേട്ടു..! നന്മ പൂക്കുന്ന പുണ്യ നിമിഷങ്ങളുമായി കോമഡി ഉത്സവ വേദി..

April 12, 2018

കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാതിരുന്നിട്ടും വിധി നൽകിയ വെല്ലുവിളികളെ സർഗ്ഗ പ്രതിഭകൊണ്ട് പൊരുതിത്തോൽപ്പിച്ച നിഷാദ് എന്ന കലാകാരൻ കോമഡി ഉത്സവ വേദിയെ വിസ്മയിപ്പിച്ചുകൊണ്ട് നടത്തിയ പ്രകടനം പ്രേക്ഷകർ മറന്നു കാണാനിടയില്ല…ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ താരങ്ങളുടെയും മാനറിസങ്ങൾ അസാധ്യ മികവോടെ നിഷാദ് അനുകരിച്ചപ്പോൾ   കോമഡി ഉത്സവ വേദി ഒന്നടങ്കം എഴുന്നേറ്റു നിന്നുകൊണ്ടാണ് ആ അത്ഭുത പ്രകടനത്തിന് ആദരമർപ്പിച്ചത്‌ . മിമിക്രിയെന്നാൽ ശബ്ദാനുകരണം മാത്രമല്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ നിഷാദ് ഒടുവിൽ കലയുടെ മഹോത്സവ വേദിയായ കോമഡി ഉത്സവത്തിലൂടെ ശബ്ദങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചിരിക്കുകയാണ്.

ധ്വനി ഹിയറിങ് എയ്ഡ്സ് സെന്ററിലെ ഡോക്ടർമാരുടെയും മറ്റു നല്ല മനസ്സുകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ്  നിഷാദ് ശബ്ദങ്ങളുടെ ലോകത്തേക്ക് നടന്നു കയറുന്നത്.. മലയാളത്തിന്റെ പ്രിയ നടൻ ജയറാമാണ് നിഷാദിന് ശ്രവണ സഹായി നൽകിയത്…  പെറ്റമ്മയുടെ ശബ്ദം ആദ്യമായി കേട്ടറിയുന്ന നിഷാദിന്റെ അസുലഭ പുണ്യ നിമിഷങ്ങൾ ഇന്ന് (12-04-18) രാത്രി 8.30 ന് കോമഡി ഉത്സവത്തിലൂടെ സംപ്രേക്ഷണം ചെയ്യും.

ജീവിതത്തിൽ ആദ്യമായി  കേൾക്കുന്ന ശബ്ദം പെറ്റമ്മയുടേതായിരിക്കണമെന്ന നിഷാദിന്റെ ആഗ്രഹം സഫലീകരിച്ചുകൊണ്ടാണ് ഈ അതുല്യ കലാകാരൻ  ശബ്ദങ്ങളുടെ ലോകത്തേക്ക് വരവറിയിക്കുന്നത്. ”നിഷാദേ” എന്ന പെറ്റമ്മയുടെ വിളിക്ക് ആദ്യമായി വിളികേൾക്കാൻ  കഴിഞ്ഞ നിഷാദിന്റെയും തന്റെ മകന്റെ പുതിയ ജീവിതാരംഭത്തിൽ സന്തോഷം നിറയുന്ന പെറ്റമ്മയുടെയും രംഗങ്ങൾ കോമഡി ഉത്സവ വേദിയെ ധന്യമാക്കുന്നു.. ..അനുകരണ കലയ്ക്ക് പുറമെ ചിത്രകലയിലും പ്രതിഭ തെളിയിച്ച നിഷാദ് ആലപ്പുഴ ജില്ലയിലെ ചേർത്തല പൂച്ചാക്കൽ സ്വദേശിയാണ്.  നിഷാദിന്റെ കുടുംബങ്ങൾക്കു പുറമെ   കോമഡി ഉത്സവ വേദിയുടെ സ്വന്തം മോട്ടിവേറ്റേഴ്‌സ് , സംവിധായകൻ മിഥിലാജ്,  മണിയൻപിള്ള രാജു,രമേഷ് പിഷാരടി, ഹരി പി നായർ എന്നിവരും അവിസ്മരണീയ മുഹൂർത്തത്തിന് സാക്ഷികളായി..