മാന്ത്രിക സ്പിന്നുമായി റാഷിദ് ഖാൻ വീണ്ടും; ഹൈദരാബാദിന് അവിശ്വസനീയ വിജയം സമ്മാനിച്ച ബൗളിംഗ് കാണാം

April 27, 2018

നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് അഫ്ഘാനിസ്ഥാന്റെ സ്പിൻ സെൻസേഷൻ  റാഷിദ് ഖാൻ. പേസ് വാരിയേഷനും സ്പിൻ മികവുമായി എതിർ ബാറ്റ്‌സ്മാൻമാരെ വട്ടം കറക്കുന്ന ഈ
20 കാരൻ ക്രിക്കറ്റിൽ അരങ്ങേറി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി റെക്കോർഡുകളാണ് സ്വന്തം പേരിലാക്കിയത്. നിലവിൽ  ബൗളർമാരുടെ ടി-20 റാങ്കിങ്ങിൽ ഒന്നാംസ്ഥാനവും ഏകദിനങ്ങളിൽ രണ്ടാം സ്ഥാനവും അലങ്കരിക്കുന്ന റാഷിദ് ഖാന്റെ ഈ ബൗളിംഗ് മികവിൽ വിശ്വാസമർപ്പിച്ചുകൊണ്ടു തന്നെയാണ് ഐപിൽ ടീമായ സൺ റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ  പതിനൊന്നാം സീസണിലും ടീമിൽ നിലനിർത്തിയത്.

ഇപ്പോഴിതാ ഒരിക്കൽ കൂടി തന്റെ പ്രതിഭയുടെ മാറ്റ് വിളിച്ചറിയിക്കുന്ന പ്രകടനവുമായി ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് റാഷിദ് ഖാൻ. ഇന്നലെ നടന്ന മത്സരത്തിൽ 132 റൺസെന്ന താരതമ്യേന ദുർബലമായ സ്കോർ പിന്തുടർന്ന പഞ്ചാബിന്റെ ബാറ്റിംഗ് നിരയുടെ താളം തെറ്റിച്ചുകൊണ്ടാണ് റാഷിദ് ഖാൻ തന്റെ മികവ് തെളിയിച്ചത്.  പഞ്ചാബ് അനായാസമായി വിജയം നേടുമെന്ന് തോന്നിച്ച  ഘട്ടത്തിൽ നിന്നുമാണ് റാഷിദ് ഖാൻ ഹൈദരാബാദിനെ വിജയ തീരത്തെത്തിച്ചത്.

7 .4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 55 എന്ന സ്‌കോറിൽ നിൽക്കേ മികച്ച ഫോമിൽ ബാറ്റേന്തുകയായിരുന്ന പഞ്ചാബ് ഓപ്പണർ രാഹുലിനെ പുറത്താക്കിക്കൊണ്ടാണ് റാഷിദ് ഖാൻ എതിരാളികൾക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. ടൂർണ്ണമെന്റിലെ  ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പന്തെന്നാണ്  കമന്റേറ്റർമാർ ആ പന്തിനെ വിശേഷിപ്പിച്ചത്. പിന്നീട് കരുൺ നായരെയും പഞ്ചാബ് നായകൻ ആർ അശ്വിനെയും പുറത്താക്കി റാഷിദ് ഖാൻ ഹൈദരാബാദിന് മറ്റൊരു അവിശ്വസനീയ  വിജയ നേടിക്കൊടുക്കുകയിരുന്നു.  പഞ്ചാബ് ബാറ്റിംഗ് നിരയെ  തകർത്തെറിഞ്ഞ പ്രകടനത്തോടെ സ്റ്റൈലിഷ് പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവും റാഷിദ് ഖാൻ സ്വന്തമാക്കി. പ്രകടനം കാണാം