കോമൺവെൽത്ത് ഗെയിംസ്; ബാഡ്മിന്റണിൽ ഇന്ത്യൻ വിജയഗാഥ, സൈനയ്ക്ക് സ്വർണ്ണം സിന്ധുവിന് വെള്ളി

April 15, 2018

കോമൺവെൽത്ത് ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ  ഇന്ത്യൻ വിജയ ഗാഥ..ഇന്ത്യൻ താരങ്ങളായ സൈനാ നേവാളിന്റെയും പിവി  സിന്ധുവിന്റെയും പോരാട്ടത്തിന് വേദിയായ ഫൈനലിൽ മൂന്നാം റാങ്കുകാരിയായ പിവി സിന്ധുവിനെ അട്ടിമറിച്ചുകൊണ്ട് സൈനാ നേവാൾ കിരീടം ചൂടി. വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ നിലവിൽ 10ാം റാങ്കുകാരിയാണ് സൈനാ നെഹ്‌വാൾ.. ഫൈനലിൽ സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സൈന കിരീടം നേടിയത്.  സ്‌കോര്‍: 21-18, 23-21.

എട്ടു വർഷങ്ങൾക്ക് മുൻപ് 2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ സൈന സ്വർണ്ണം നേടിയിരുന്നു.   ഒരിക്കൽ കൂടി സ്വർണ്ണ നേട്ടം ആവർത്തിച്ചതോടെ  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന് റെക്കോഡും സൈന സ്വന്തമാക്കി. പുരുഷന്മാരുടെ ബാഡ്മിന്റണിൽ ഫൈനലിൽ മലേഷ്യയുടെ ലീ ചോങ് വെയിനിനോട് പൊരുതിത്തോറ്റ  ഇന്ത്യൻ താരം ശ്രീകാന്ത് വെള്ളി മെഡൽ സ്വന്തമാക്കി.  ഇതോടെ കോമ്മൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 26 ആയി  ഉയർന്നു..