ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 45ാം പിറന്നാൾ; ആശംസകളുമായി സൂപ്പർ താരങ്ങളും ആരാധകരും

April 24, 2018

ക്രിക്കറ്റ് കളിക്കാൻ മാത്രമായി ഒരു ദൈവം ഭൂമിയിൽ അവതരിച്ചിട്ട് ഇന്നേക്ക് 45 വർഷം തികയുകയാണ്.. ഒരു രാജ്യത്തിൻറെ ഒന്നടങ്കം പ്രതീക്ഷകളും പ്രാർത്ഥനകളുമായി ആ കുറിയ മനുഷ്യൻ 20 വർഷത്തോളം ഇന്ത്യൻ ജനതയെ ക്രിക്കറ്റിനോട് ചേർത്തു നിർത്തി..22 യാർഡ് ക്രിക്കറ്റ് പിച്ചിലെ ഒരറ്റത്ത് അദ്ദേഹം ശാന്തനായി നിലകൊണ്ടപ്പോൾ ഗാലറിയും ലോകവും ഒരേ മനസ്സോടെ അത്യാവേശത്തോടെ ആർത്തു വിളിച്ചു..സച്ചിൻ ..സച്ചിൻ..രണ്ടു ദശാബ്ദക്കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമുദ്രയായി നിറഞ്ഞു നിന്ന സച്ചിൻ മൈതാനത്തോടു വിട പറഞ്ഞിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ക്രിക്കറ്റ് ദൈവമെന്ന പരിവേഷത്തിന് ഇപ്പോഴും മറ്റൊരാവകാശിയില്ല. ക്രിക്കറ്റിലെ യുവതലമുറ പുതിയ ഇതിഹാസങ്ങൾ രചിച്ചപ്പോഴും സച്ചിൻ എന്ന ദൈവം അവർക്കു മുകളിൽ അനുഗ്രഹാശിസ്സുകളുമായി ജ്വലിച്ചു നിന്നു..
ക്രിക്കറ്റിനെ ഒരു മതമായും സച്ചിനെ ദൈവവുമായി പ്രതിഷ്ഠിച്ച ഇന്ത്യൻ ജനത ഇന്ന് അദ്ദേഹത്തിന്റെ 45ാം പിറന്നാൾ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകർ സാമൂഹ്യമാധ്യമങ്ങളിലൂടെ ആശംസകളുമായി സ്നേഹമറിയിക്കുകയാണ്. സച്ചിനൊപ്പം പാഡണിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഇതര സെലിബ്രിറ്റികളും ആശംസകളുമായി  അവിസ്മരണീയമായൊരു പിറന്നാൾ ദിനമാണ് താരത്തിനായി സമ്മാനിക്കുന്നത് . സാമൂഹ്യമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ദൈവത്തിന് പിറന്നാൾ ആശംസകൾ നേർന്ന താരങ്ങളുടെ സന്ദേശങ്ങൾ കാണാം.