കൊൽക്കത്ത ബൗളർമാരെ തകർത്തെറിഞ്ഞ ശ്രേയസ് ഷോ..! വീഡിയോ കാണാം

April 28, 2018

വിജയം അല്ലെങ്കിൽ മരണം..! ഇത്തരമൊരു അവസ്ഥയിലായിരുന്നു  ഇന്നലെ കൊൽക്കത്തയെ നേരിടാനിറങ്ങിയ  ഡൽഹി ഡൽഹി ഡെയർ ഡെവിൾസ്. അവശേഷിക്കുന്ന എട്ടു കളികളിൽ ഏഴിലും ജയിച്ചാൽ മാത്രമേ  പ്ലേ ഓഫ് സാധ്യതകൾ നിലനിൽക്കുകയുള്ളൂ   എന്ന യാഥാർഥ്യം നൽകുന്ന സമ്മർദ്ദം വളരെ വലുതാണെന്ന് മത്സരത്തിന് മുൻപ് തന്നെ പുതിയ നായകൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയതും അതുകൊണ്ടു തന്നെയാണ്.

ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ആവേശത്തോടെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹി തുടക്കം മുതലേ ആക്രമിച്ചു കളിച്ചപ്പോൾ സ്കോർ ബോർഡിൽ റണ്ണൊഴുകിക്കൊണ്ടേയിരുന്നു. ഗംഭീറിന് പകരമെത്തിയ കോളിൻ മൺറോയും പൃഥ്വി ഷായും തുടങ്ങിവെച്ച ബാറ്റിംഗ് വെടിക്കെട്ടിനെ ഉഗ്ര സ്ഫോടനമാക്കി മാറ്റിയത് വൺ ഡൗൺ ആയെത്തിയ പുതിയ നായകൻ ശ്രേയസ് അയ്യരായിരുന്നു.

40 പന്തുകളിൽ നിന്നായി 10 സിക്സറുകളുടെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെ 93 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ ബാറ്റിംഗ് മികവാണ് ഡൽഹിയെ 200 കടത്തിയത്. കൊൽക്കത്തയുടെ ശിവം മാവി എറിഞ്ഞ അവസാന ഓവറിൽ നാലു സിക്സറുകളടക്കം 29 റൺസാണ്  ഡൽഹിയുടെ ഈ പുതിയ കപ്പിത്താൻ അടിച്ചെടുത്തത്.  44 പന്തിൽ 62 റൺസെടുത്ത പൃഥ്വി ഷായും ശ്രേയസ് അയ്യർക്ക് മികച്ച പിന്തുണ നൽകി.

കൊൽക്കത്തയുടെ മറുപടി ബാറ്റിംഗ് 164 റൺസിൽ അവസാനിച്ചതോടെ 55 റൺസിന്റെ കൂറ്റൻ വിജയവുമായാണ് ഡൽഹി ടീം ഫിറോസ് ഷാ കോട്ലയിൽ നിന്നും തിരിച്ചു കയറിയത്. ബാറ്റിംഗ് വിസ്ഫോടനവുമായി ഡൽഹിക്ക് അനിവാര്യമായ വിജയം നേടാനായി മുന്നിൽ നിന്നു പട നയിച്ച ശ്രേയസ് അയ്യർ തന്നെയായിരുന്നു കളിയിലെ താരവും. കൊൽക്കത്ത ബൗളർമാരെ തകർത്തെറിഞ്ഞ ശ്രേയസ് ഷോ കാണാം