ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾ ഇനി സ്റ്റാർ സ്പോർട്സിൽ കാണാം..സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

April 5, 2018

 

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ  ആഭ്യന്തര മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനുള്ള ബിസിസിഐ റൈറ്റ്സ് സ്വന്തമാക്കി സ്റ്റാർ നെറ്റ്വർക്കസ്..സോണി, ജിയോ തുടങ്ങിയ വമ്പന്മാരുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ 6138.1 കോടി രൂപയ്ക്കാണ് സ്റ്റാർ സ്പോർട്സ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.  മൂന്നു ദിവസം നീണ്ടു നിന്ന വാശിയേറിയ ലേലത്തിനൊടുവിൽ  ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് സ്റ്റാർ സ്പോർട്സ് ബിസിസിഐയുമായി കരാറൊപ്പിടുകയായിരുന്നു. കരാർ പ്രകാരം അടുത്ത അഞ്ചു വർഷം (2018-2023)   ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ  ഹോം മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലിലൂടെയാകും പ്രേക്ഷകർ കാണുക.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശമാണ് ഇതോടെ സ്റ്റാര്‍ സ്‌പോട്‌സ്  നെറ്റ്വർക്ക്സ് സ്വന്തമാക്കിയിരിക്കുന്നത്.സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ അഞ്ചു വർഷ കാലയളവിൽ 102 മത്സരങ്ങളാണ് ഇന്ത്യൻ മണ്ണിൽ അരങ്ങേറുക. പുതിയ കരാർ പ്രകാരം ഇന്ത്യയുടെ ഓരോ മത്സരത്തിനും 60 കോടിയോളം രൂപയാണ് സ്റ്റാർ സ്പോർട്സ് ബിസിസിഐക്ക് നൽകാൻ പോകുന്നത്. നേരെത്തെ 16347 കോടിയെന്ന  റെക്കോർഡ് തുകയ്ക്ക് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേക്ഷണാവകാശവും സ്റ്റാർസ്പോർട്സ് സ്വന്തമാക്കിയിരുന്നു.