തന്റെ വിക്കറ്റ് പിഴുത നിതീഷ് റാണയ്ക്ക് സ്പെഷ്യൽ സമ്മാനം നൽകി വിരാട് കോഹ്ലി

April 11, 2018

ഒരു പിടി യുവ താരങ്ങളുമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ ഐപിഎല്ലിനെത്തിയിരിക്കുന്നത്. മറ്റു ടീമുകൾ വമ്പൻ താരങ്ങളെ സ്വന്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ , കിംഗ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത യുവതാരങ്ങളെയാണ് കൂടുതലായും ടീമിലെടുത്തത്. ക്രിക്കറ്റ് ലോകത്ത് പരിചിതമല്ലാത്ത താരങ്ങളെ പൊന്നും വില കൊടുത്ത വാങ്ങിക്കൂട്ടിയപ്പോൾ കടുത്ത ആരാധകർ പോലും ഞെട്ടി ചുളിച്ചു.എന്നാൽ  പുതു താരങ്ങളിൽ വിശ്വാസമർപ്പിച്ച ടീം മാനേജ്‍മെന്റിന്റെ നിലപാട്  ന്യായീകരിക്കുന്ന പ്രകടനവുമായാണ് കൊൽക്കത്തയുടെ ആൾറൗണ്ടർ നിതീഷ് റാണ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

ബെംഗളൂരുവുനെതിരായ ആദ്യ മത്സരത്തിൽ ഓരോവറിനിടയിൽ ഏബി  ഡി വില്ലേഴ്‌സിനെയും വിരാട് കോഹ്ലിയെയും പുറത്താക്കിയാണ് നിതീഷ് റാണ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.മത്സരത്തിലെ നിർണായകമായ രണ്ടു വിക്കറ്റുകളും ഞൊടിയിടയിൽ സ്വന്തമാക്കി മത്സരത്തിലെ ഹീറോ ആയി മാറിയ താരത്തെ തേടി ഇപ്പോഴിതാ സാക്ഷാൽ വിരാട് കോഹ്ലിയുടെ സമ്മാനവും എത്തിയിരിക്കുകയാണ്..

വിരാടിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ച് സ്റ്റാമ്പ് പിഴുതെടുത്ത ബൗളിംഗ് മികവിനുള്ള അംഗീകാരമായി  ഒരു ക്രിക്കറ്റ് ബാറ്റാണ്  വിരാട് റാണയ്ക്ക് നൽകിയിരിക്കുന്നത്.  ഇന്ത്യൻ നായകൻ സമ്മാനം നൽകിയ വിവരം നിതീഷ് റാണ തന്നെയാണ്  ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്.
”കളിയിലെ മഹാന്മാരിലൊരാൾ അഭിനന്ദിക്കുമ്പോൾ, നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയാണെന്ന് ബോധ്യമാകും. ഈ ബാറ്റിനു നന്ദി വിരാട് ഭയ്യാ..എനിക്കേറെ ആവശ്യമുള്ള പ്രോത്സാഹനമായിരുന്നു ഇത്” നിതീഷ് റാണ ഫേസ്ബുക്കിൽ കുറിച്ചു..