ചിന്നസ്വാമിയിൽ ബാറ്റിംഗ് വിരുന്നൊരുക്കി ‘മി.360’; ഡി വില്ലേഴ്സിന്റെ ആ മനോഹര ഇന്നിംഗ്സ് കാണാം
ക്രിക്കറ്റിലെ മിസ്റ്റർ 360 എന്നാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ഇതിഹാസം ഏബി ഡി വില്ലേഴ്സ് അറിയപ്പെടുന്നത്.. ഏത് ലൈനിലും ലെങ്ങ്തിലും വരുന്ന പന്തിനേയും അസാധ്യ ടൈമിംഗോടെ മൈതാനത്തിന്റെ ഏതു കോണിലേക്കും അടിച്ചകറ്റാനുള്ള കഴിവാണ് എബ്രഹാം ഡി വില്ലേഴ്സ് എന്ന ഈ പ്രോട്ടീസുകാരന് ഇങ്ങനെയൊരു വേറിട്ട വിശേഷണം നേടിക്കൊടുത്തത്..തന്റെ മിസ്റ്റർ 360 എന്ന വിശേഷണത്തെ ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്ന അവിശ്വസനീയ ഇന്നിംഗ്സാണ് ഇന്നലെ സൺ റൈസേഴ്സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ ഡി വില്ലേഴ്സ് പുറത്തെടുത്തത്..
വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ലൂരിനായി ആദ്യ പന്ത് മുതലേ തകർത്തടിച്ചു തുടങ്ങിയ ഡി വില്ലേഴ്സ് സൺ റൈസേഴ്സിന്റെ എല്ലാ ബൗളെർമാരെയും കണക്കിന് പ്രഹരിച്ചു..39 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്സറുമടക്കം 69 റൺസ് നേടിയാണ് ഡി വില്ലേഴ്സ് കളം വിട്ടത്..12ാം ഓവറിൽ ബേസിൽ തമ്പി എറിഞ്ഞ ഫുൾടോസ് ഡീപ്പ് ഫൈൻ ലെഗിലേക്ക് സിക്സർ പായിച്ച ഡി വില്ലേഴ്സ് സ്പെഷ്യൽ ഷോട്ടായിരുന്നു ഇന്നിംഗ്സിലെ ഹൈലൈറ്റ്. 105 മീറ്റർ പറന്ന സിക്സർ ഗ്രൗണ്ടും കടന്ന് മൈതാനത്തിനു പുറത്താണ് ലാൻഡ് ചെയ്തത്. ഏബി ഡി വില്ലേഴ്സിന്റെ ആ മനോഹര ഇന്നിംഗ്സ് കാണാം..
35 പന്തിൽ 64 റൺസെടുത്ത മോയിൻ അലിയും അവസാന ഓവറുകളിൽ കത്തിക്കയറിയ കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെയും മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് ബാംഗ്ലൂർ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, നായകൻ കെയ്ൻ വില്യംസൺ നേടിയ അർദ്ധ ശതകത്തോടെ പൊരുതി നോക്കിയെങ്കിലും 14 റൺസകലെ പോരാട്ടം അവസാനിക്കുകയായിരുന്നു. നിർണ്ണായക മത്സരത്തിൽ വിജയം നേടിയതോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകൾ സജീവമായി..