ഏ ആർ റഹ്മാൻ ഷോ മാറ്റിവെച്ചു;ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകും..പുതിയ തിയ്യതി പിന്നീട് അറിയിക്കും

May 13, 2018

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം ഇന്നു നടക്കേണ്ടിയിരുന്ന ഏ ആർ റഹ്മാൻ ഷോ മാറ്റിവെച്ചതായി ഫ്ളവേഴ്സ് ടിവി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. മെയ് 12 നു നടക്കേണ്ടിയിരുന്ന പരിപാടിയാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്. എന്നാൽ പരിപാടിയ്ക്കായി സ്ഥാപിച്ച ഇലക്ട്രിക്ക് കേബിളുകൾ വെള്ളത്തിനടിയിലായതോടെ, ഷോ കാണാനെത്തുന്നവരുടെ സുരക്ഷയെ മാനിച്ചാണ് ഷോ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത് .. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ഷോ നടത്തുന്നത് കാണികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിദഗ്ദ്ധ അഭിപ്രായം കണക്കിലെടുത്താണ് ഷോ മാറ്റിവെക്കാൻ തീരുമാനിച്ചത്.
പരിപാടിയ്ക്കായി ഓൺലൈൻ വഴി ടിക്കറ്റുകൾ വാങ്ങിയ വർക്ക് അടുത്ത മൂന്നു ദിവസത്തിനുള്ളിൽ പണം തിരികെ നൽകും. മറ്റ് ഔട്ട്ലെറ്റുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങിയവർക്ക് ഫ്ളവേഴ്സ് ചാനലിലിന്റെ ഓഫീസ് മുഖേന പണം തിരിച്ചു നൽകും..

ആർ റഹ്മാനൊപ്പം സംഗീത ലോകത്തെ നിരവധി പ്രമുഖ ഗായകർ കാണികളെ വിസ്മയിപ്പിക്കാനായി കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ ഇല്ലാതാക്കികൊണ്ട് മഴ തകർത്തു പെയ്യുകയായിരുന്നു. ഞങ്ങൾ എല്ലാവരും ഷോ ചെയ്യാനായി കമ്മിറ്റഡായവരാണെന്നും എന്നാൽ മഴ കാരണം പരിപാടി മാറ്റിവെക്കുകയല്ലാതെ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും ഹരിചരൻ ട്വിറ്ററിലൂടെ അറിയിച്ചു.

റഹ്മാന്‍ സംഗീതത്തിന്റെ മാസ്മരികത ആസ്വദിക്കാന്‍ എത്തിയവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും, ക്ഷമ ചോദിക്കുന്നുവെന്നും ഫ്ളവേഴ്സ്  എം ഡി ആർ ശ്രീകണ്ഠൻ നായർ പ്രത്യേക കുറിപ്പിലൂടെ അറിയിച്ചു.