പത്തു റണ്ണിനിടെ 5 വിക്കറ്റുകൾ..ഒടുവിൽ 10 വിക്കറ്റിന്റെ വമ്പൻ തോൽവിയും; പഞ്ചാബിന്റെ നടുവൊടിച്ച ബാംഗ്ലൂർ തേരോട്ടം കാണാം
എതിരാളികളെ വിറപ്പിക്കുന്ന ബാറ്റിംഗ് വിസ്ഫോടനങ്ങളുമായാണ് കിങ്‌സ് ഇലവൻ പഞ്ചാബ് ഇത്തവണത്തെ ഐപിഎൽ ആരംഭിച്ചത്. ഒൻപത് മത്സരങ്ങൾ പിന്നിട്ടപ്പോൾ ആറു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ മുന്നിലായിരുന്നു പഞ്ചാബ്. എന്നാൽ പിന്നീട് നടന്ന മൂന്നു കളികളിലും ഞെട്ടിക്കുന്ന തോൽവി വഴങ്ങാനായിരുന്നു പഞ്ചാബിന്റെ വിധി. വിജയ വഴിയിൽ നിന്നും തുടർ തോൽവികളിലേക്ക് എടുത്തെറിയപ്പെട്ട പഞ്ചാബിനെ ഏറ്റവും കൂടുതൽ ഞെട്ടിച്ച പരാജയമായിരുന്നു ഇന്നലെ ബാംഗ്ലൂരിനെതിരെ..
ഗെയ്‌ലും രാഹുലും ഫിഞ്ചുമെല്ലാം അടങ്ങുന്ന പേരുകേട്ട ബാറ്റിംഗ് നിരയെ വെറും 88 റൺസിന് പുറത്താക്കിക്കൊണ്ടാണ് ബാംഗ്ലൂർ ബൗളർമാർ കരുത്തു തെളിയിച്ചത്. പഞ്ചാബ് നിരയിൽ എട്ടു പേർ രണ്ടക്കം കാണാതെ പുറത്തായ മത്സരത്തിൽ ഇല്ലാത്ത റണ്ണിനായി ഓടിയാണ് മൂന്നു താരങ്ങൾ കൂടാരം കയറിയത്..നാലോവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബ് ബാറ്റ്‌സ്മാൻമാരുടെ കൂട്ടക്കുരുതിക്ക് നേതൃത്വം നൽകിയത്. ഉമേഷ് യാദവ് തന്നെയാണ് കളിയിലെ കേമൻ.
89 റൺസെന്ന ദുർബലമായ സ്കോർ പിന്തുടർന്ന ബാംഗ്ലൂർ ഓപ്പണർമാരായ കോഹ്ലിയും പാർഥിവ് പട്ടേലും ശരവേഗത്തിൽ റൺസ് അടിച്ചു കൂട്ടിയതോടെ 71 പന്തുകൾ ബാക്കി നിൽക്കെ വിക്കറ്റ് നഷ്ടമില്ലാതെ തന്നെ ബാംഗ്ലൂർ വിജയം കണ്ടു. പ്ലേ ഓഫ് സ്വപ്നങ്ങളുമായി കളിക്കാനിറങ്ങിയ പഞ്ചാബിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിയ ബാംഗ്ലൂരിന്റെ പോരാട്ടം കാണാം