സൂപ്പർ ക്ലൈമാക്സിൽ വീണ്ടും ചെന്നൈ മാജിക്..! അവിശ്വസനീയ വിജയം സമ്മാനിച്ച ഡു പ്ലെസി സ്പെഷ്യൽ ഇന്നിംഗ്‌സ് കാണാം

May 23, 2018


ചെന്നൈ സൂപ്പർ കിങ്‌സ് അങ്ങനെയാണ്…കടുത്ത ആരാധകർ പോലും തോൽവി ഉറപ്പിച്ചിരിക്കെ, അവിശ്വസനീയമായി വിജയം കൈപ്പിടിയിലൊതുക്കാനുള്ള കഴിവിൽ ചെന്നൈയോളം പോന്ന മറ്റു ടീമുകൾ വേറെയില്ലെന്നു തന്നെ പറയാം. ഈ വിശിഷ്ടമായ ‘തിരിച്ചുവരവു’കളാണ് കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിയ ഏക ടീമെന്ന അത്യപൂർവ ഖ്യാതിയും ചെന്നൈക്ക് നേടിക്കൊടുത്തത്.

ഇന്നലെ സൺ റൈസേഴ്സ് ഹൈദെരാബാദിനെതിരായ ആദ്യ ക്വാളിഫയർ മത്സരത്തിലും അവസാന ഘട്ടത്തിലെ അവിശ്വസനീയ പ്രകടനത്തോടെ ചെന്നൈ വിജയം നേടിയെടുക്കുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. സൺ റൈസേഴ്സ് ഉയർത്തിയ 140 റൺസ് പിന്തുടർന്ന ചെന്നൈ ഒരു ഘട്ടത്തിൽ 6 വിക്കറ്റിന് 62 റൺസ് എന്ന നിലയിൽ പരാജയത്തെ മുഖാമുഖം കണ്ടതാണ്.എന്നാൽ ഒരറ്റത്ത് പതറാതെ പൊരുതിയ ഫാഫ് ഡു പ്ലെസി, വാലറ്റക്കാരായ ചഹാറിനെയും താക്കൂറിനെയും കൂട്ടുപിടിച്ചു നടത്തിയ ബാറ്റിംഗ് വിസ്ഫോടനത്തിലൂടെ അവസാന ഓവറിൽ അഞ്ചു പന്തുകൾ ബാക്കി നിൽക്കേ തന്നെ ചെന്നൈ അവിശ്വസനീയ വിജയം സ്വന്തമാക്കുകയിരുന്നു.

42 പന്തുകളിൽ നിന്നായി അഞ്ചു ബൗണ്ടറികളും നാലു സിക്സറുകളുമായി 67 റൺസുമായി പുറത്താകാതെ നിന്ന ഡു പ്ലെസി ചെന്നൈയെ ഒറ്റയ്ക്ക് വിജയ തീരത്തേക്ക് എത്തിക്കുകയായിരുന്നു. ചെന്നൈയുടെ ഓപ്പണറായി ഇറങ്ങി, ഭുവനേശ്വറിന്റെയും കൗളിന്റെയും തീപാറുന്ന ന്യൂ ബോളുകളെയും റാഷിദ് ഖാന്റെ മാന്ത്രിക സ്പിന്നിനെയും സമർത്ഥമായി പ്രതിരോധിച്ച ഡു പ്ലെസി, അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ് ചെന്നൈയെ ഫൈനലിൽ എത്തിച്ചത്  .ഡു പ്ലെസി തന്നെയാണ് കളിയിലെ താരവും.
വിജയമുറപ്പിച്ച  മത്സരത്തിൽ  നായകൻ കെയ്ൻ വില്യംസൺ അവസാന ഓവറുകളിൽ കാണിച്ച ചെറിയ അബദ്ധങ്ങളാണ് ഹൈദരാബാദിന് തിരിച്ചടിയായത്.ആദ്യ ക്വാളിഫയർ പരാജയപ്പെട്ടെങ്കിലും നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ വിജയിച്ചാൽ ഹൈദരാബാദിന് ഫൈനലിൽ എത്താം.