കാൽപന്തുകളിയുടെ ആവേശപ്പൂരത്തിന് കൊടിയേറ്റി റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

May 26, 2018

ജൂൺ 14 ന് റഷ്യയിൽ ആരംഭിക്കുന്ന ഫിഫാ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ് സംഗീതജ്ഞനും നടനുമായ വിൽ സ്മിത്താണ് ‘ലിവ് ഇറ്റ് അപ്’ എന്ന പേരിൽ  കാൽപന്തുകളിയുടെ ആവേശമുണർത്തുന്ന ഗാനം ചിട്ടപ്പെടുത്തിയത്. നിക്കി ജാം ഫീറ്റ്,ഇറ ഇസ്ട്രെഫി  എന്നിവർക്കൊപ്പം സഹകരിച്ചാണ്  വിൽ സ്മിത്ത് പാർട്ടി മൂഡിലുള്ള ഗാനം ഒരുക്കിയത്. ഡിപ്ലോയാണ് ഗാനം നിർമിച്ചിരിക്കുന്നത്.

കാല്പന്തുകളിയിലെ വിശ്വ വിജയിയെ തിരഞ്ഞെടുക്കാനുള്ള പോരാട്ടത്തിനായി  32 ടീമുകളാണ് റഷ്യയിൽ അണിനിരക്കുന്നത്. 31 ദിവസം നീളുന്ന ആവേശപ്പൂരത്തിനൊടുവിൽ ജൂൺ 15 ന് ലുസ്‌നികി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അന്തിമ വിജയിയെ കണ്ടെത്തും. 64 മത്സരങ്ങളാണ് ഇത്തവണ ലോകകപ്പിൽ അരങ്ങേറുക.സൗത്ത് ആഫ്രിക്കൻ ലോകകപ്പിനായി ഷക്കീറ ഒരുക്കിയ വക്കാ വക്കാ ഗാനം സൂപ്പർ ഹിറ്റായിരുന്നു. ഫുട്ബാൾ ആരാധകർക്കിടയിൽ സമാനമായൊരു തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിവ് ഇറ്റ് അപ്പ് ഗാനവും.  റീലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ 39 ലക്ഷം പേരാണ്  ലിവ് ഇറ്റ് അപ്’ ഗാനം  യൂട്യൂബിലൂടെ കണ്ടത്.ഗാനം കാണാം.