ന്യൂ ബോൾ പ്ലീസ്..! ഗ്യാലറിയും കടന്നു പറന്ന ഗെയ്‌ലിന്റെ ആ പടുകൂറ്റൻ സിക്സർ കാണാം
![](https://flowersoriginals.com/wp-content/uploads/2018/05/Untitled-design-13.jpg)
ഐപിഎൽ പതിനൊന്നാം സീസൺ ആരംഭിക്കുമ്പോൾ ക്രിസ് ഗെയ്‌ലിനെ പറ്റി ആർക്കും വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല..താര ലേലത്തിൽ രണ്ടു തവണയും അവഗണിക്കപ്പെട്ട ഗെയ്‌ലിനെ മൂന്നാം റൗണ്ടിൽ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാൽ ആദ്യ രണ്ടു മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിൽ മാത്രം ഇടം നേടിയ ഗെയ്‌ലിന് ഇത്തവണത്തെ ഐപിഎല്ലിൽ കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കാൻ കഴിയില്ലെന്ന് ബഹുപൂരിപക്ഷം ക്രിക്കറ്റ് പ്രേമികളും വിശ്വസിച്ചു തുടങ്ങി.
പക്ഷെ മൂന്നാം മത്സരത്തിൽ ചെന്നൈക്കെതിരെ ഗംഭീര അർധശതകവുമായി വരവറിയിച്ച ഗെയ്ൽ അടുത്ത മത്സരത്തിൽ ഹൈദെരാബാദിനെതിരെ തകർപ്പൻ സെഞ്ചുറിയുമായാണ് തന്റെ താര പരിവേഷം വീണ്ടെടുത്തത്. തന്റെ പ്രതാപ കാലത്തേക്ക് മടങ്ങിയെത്തിയ ഗെയ്ൽ ഇന്നലെ നടന്ന മത്സരത്തിലും അർദ്ധ ശതകം നേടിയിരുന്നു. അസാധ്യമായ തന്റെ കൈക്കരുത്തുകൊണ്ട് തീ തുപ്പുന്ന പന്തുകളെ ഗാലറികളിലെത്തിക്കുന്ന ഗെയ്ൽ ഇന്നലെയും ആറു സിക്സറുകളുമായി കളം നിറഞ്ഞു കളിച്ചു. ആറാം ഓവറിൽ മുംബൈയുടെ മിച്ചൽ മക്ക്ഗ്ലിൻ എറിഞ്ഞ പന്ത് ഗാലറിക്ക് പുറത്തെത്തിച്ചാണ് ഗെയ്ൽ കാണികളെ അമ്പരപ്പിച്ചത് . 92 മീറ്റർ പറന്ന ഗെയ്‌ലിന്റെ പടു കൂറ്റൻ സിക്സിന് ശേഷം പുതിയ പന്തുമായാണ് മത്സരം പുനരാരംഭിച്ചത്.വീഡിയോ കാണാം
മത്സരത്തിൽ 40 പന്തിൽ നിന്നും 50 റൺസെടുത്ത് പുറത്തായ ഗെയ്‌ലിന്റെ മികവിൽ 20 ഓവറിൽ 174 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. പക്ഷെ മുംബൈ ഓപ്പണർ സൂര്യകുമാർ യാദവിന്റെ അർദ്ധശതകത്തിലൂടെ തിരിച്ചടിച്ച മുംബൈ ഇന്ത്യൻസ് 19 ഓവറിൽ വിജയം കണ്ടു.