മെസ്സി മാജിക്കിൽ എതിരാളികൾക്ക് മുന്നറിയിപ്പുമായി അർജന്റീന; ഹെയ്തിയെ തകർത്ത ഹാട്രിക്ക് കാണാം
ലോകകപ്പ് സന്നാഹ മത്സരത്തിൽ ലാറ്റിനമേരിക്കൻ ടീമായ ഹെയ്തിക്കെതിരെ നാലു ഗോൾ വിജയവുമായി അർജെന്റിന. മത്സരത്തിലുടനീളം കളം നിറഞ്ഞു കളിക്കുകയും ഹാട്രിക്ക് നേടുകയും ചെയ്ത നായകൻ മെസ്സിയുടെ മികവിലാണ് അര്ജന്റീന ഹെയ്തിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു വിട്ടത്. അർജന്റീനിയൻ തലസ്ഥാനമായ ബ്യുണസ് അയേഴ്സിൽ നടന്ന മത്സരത്തിൽ സെർജിയോ അഗ്യൂറോയാണ് നാലാം ഗോൾ നേടിയത്.
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുൻപിൽ നാലു ഗോൾ വിജയം നേടാൻ കഴിഞ്ഞത് അർജന്റീനയുടെ ആത്മവിശ്വാസം ഉയർത്തും. 17ാ൦ മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ സ്കോറിംഗ് തുടങ്ങിയ മെസ്സി 57, 65 മിനുട്ടുകളിൽ നേടിയ ഗോളുകളോടെയാണ് ഹാട്രിക്ക് പൂർത്തിയാക്കിയത്. വിജയത്തോടെ ആത്മവിശ്വാസം ഉയർത്താൻ കഴിഞ്ഞെങ്കിലും 108ാം സ്ഥാനത്തുള്ള ഹെയ്തിക്കെതിരെ ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ പാഴാക്കിയ അർജന്റീനൻ മുന്നേറ്റനിര യെ കൂടുതൽ ഒത്തിണക്കമുള്ള യൂണിറ്റാക്കി മാറ്റുകയെന്നതാണ് പരിശീലകൻ സാംപോളിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി..2014 ലെ ബ്രസിൽ ലോകകപ്പിലെ ഫൈനൽ തോൽവിക്ക് കിരീട നേട്ടത്തോടെ മറുപടി പറയാൻ ഒരുങ്ങുന്ന അർജന്റീനയുടെ പ്രതിരോധ-മധ്യ നിരകളും അവസരത്തിനൊത്തുയർന്നാലേ വർഷങ്ങളായുള്ള കിരീട വരൾച്ചയ്ക്ക് റഷ്യയിൽ വിരാമം കുറിക്കാനാവുകയുള്ളു..