ആരും കൊതിച്ചു പോകും ഫൈനലിൽ ഇതു പോലൊരു ഇന്നിംഗിസിനായി; ചെന്നൈയെ ചാമ്പ്യന്മാരാക്കിയ ഷെയ്‌ൻ വാട്സൺ ബാറ്റിംഗ് കാണാം

May 28, 2018

കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ ജേഴ്സിയിൽ  തീർത്തും നിറം മങ്ങിപ്പോയ ഷെയിൻ വാട്സണെ നാലു കോടി രൂപയ്ക്ക് ചെന്നൈ വിലക്കെടുക്കുമ്പോൾ എല്ലാവരും നെറ്റി ചുളിച്ചതാണ്. ക്രിക്കറ്റിലെ പ്രതാപ കാലം കഴിഞ്ഞുവെന്ന് നിരൂപകർ പോലും വിലയിരുത്തി തുടങ്ങിയ സമയത്താണ്  നായകൻ എം എസ് ധോണിയുടെ നിർബന്ധ പ്രകാരം അടിസ്ഥാന വിലയുടെ എത്രയോ ഇരട്ടി തുക മുടക്കി വാട്സണെ ചെന്നൈ ടീമിലെത്തിച്ചത്. എന്നാൽ ധോണിയുടെ ദീർഘ വീക്ഷണം അപ്പാടെ ശരി വെക്കുന്ന പ്രകടനമാണ്  വാട്സൺ ഈ സീസണിൽ നടത്തിയത് .

15 മത്സരങ്ങളിൽ നിന്നായി രണ്ടു സെഞ്ചുറികളടക്കം 555 റൺസും ആറു വിക്കറ്റുകളും നേടിയ വാട്സൺ ചെന്നൈയുടെ പടയോട്ടത്തിൽ നിർണായക ചാലക ശക്തിയായി നിറഞ്ഞു നിന്നു. എന്നാൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിലായിരുന്നു ഫുൾ വോൾട്ടേജ് വാട്സൺ ഷോ ശരിക്കും അരങ്ങേറിയത്.

57 പന്തിൽ 117 റൺസാണ് ഹൈദരാബാദിന്റെ പേരുകേട്ട ബൗളിംഗ് നിരക്കെതിരെ കലാശപ്പോരാട്ടത്തിൽ വാട്സൺ അടിച്ചെടുത്തത്. മനോഹരമായ 11 ഫോറുകളും എണ്ണം പറഞ്ഞ 6 സിക്സറുകളുടെയും അകമ്പടിയോടെ വാട്സൺ ആഞ്ഞടിച്ചപ്പോൾ ഹൈദരാബാദ് ഉയർത്തിയ 179 റൺസ് വിജയ ലക്ഷ്യം ഒൻപതു പന്തുകൾ ബാക്കിനിൽക്കെ ചെന്നൈ മറികടന്നു. ചെന്നൈ സൂപ്പർ കിംഗ്സിനെ  ചാമ്പ്യന്മാരാക്കിയ വാട്സൺ സ്പെഷ്യൽ ഇന്നിംഗ്സ് കാണാം