നെല്ലിയാമ്പതി റേഞ്ചിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ച് വേൾഡ് ചാരിറ്റി ലോഞ്ച്

May 24, 2018

നെല്ലിയാമ്പതി റേഞ്ചിലെ വിവിധ കോളനികളിലായി താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ച് വേൾഡ് ചാരിറ്റി ലോഞ്ച്.  നെല്ലിയാമ്പതി റേഞ്ചിലെ കൽചാടി, പുഞ്ചേരി, ചെറുനെല്ലി, പുല്ലുക്കാട് കോളനികളിലെ വിദ്യാർത്ഥികൾക്കാണ് വേൾഡ് ചാരിറ്റി ലോഞ്ച് വഴി സൗജന്യമായി സ്കൂൾ കിറ്റുകൾ ലഭിക്കുക. സാമ്പത്തിക സാമൂഹ്യ മേഖലയിൽ പിന്നോക്കം നിൽക്കുന്ന നിരവധി വിദ്യാർത്ഥികളടങ്ങുന്ന  നാലു കോളനികളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും  സ്കൂൾ കിറ്റുകൾ എത്തിക്കുക എന്നതാണ് വേൾഡ് ചാരിറ്റി ലോഞ്ചിന്റെ ലക്ഷ്യം.

കൽച്ചാടി കോളനിയിലെ 19 വിദ്യാർത്ഥികൾക്കും പൂഞ്ചേരിയിലെ 35 പേർക്കും, ചെറുനെല്ലിയിലെ 9 പേർക്കും, പുല്ലുക്കാടിലെ 25 വിദ്യാർത്ഥികൾക്കുമായാണ് പഠനോപകാരണങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത്.സ്കൂൾ ബാഗ്, പെൻസിൽ,പേന, കുട, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിലുകൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത കൊണ്ടും മറ്റു  പ്രതിസന്ധികളാലും ബുദ്ധിമുട്ടനുഭവിക്കുന്ന നെല്ലിയാമ്പതി റേഞ്ചിലെ വിദ്യാർത്ഥികൾക്ക്  മികച്ച പഠന സാഹചര്യമൊരുക്കാനുള്ള പ്രയത്നത്തിലാണ് വേൾഡ് ചാരിറ്റി ലോഞ്ച് എന്ന സന്നദ്ധ സംഘടന.  100 ലധികം വരുന്ന വിദ്യാർത്ഥികളുടെ മികച്ച ഭാവിക്കായുള്ള  പ്രയത്നത്തിൽ  കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങളെയും സ്വാഗതം ചെയ്യുകയാണ് വേൾഡ് ചാരിറ്റി ലോഞ്ച്..പഠനോപകരണങ്ങൾ നൽകിയോ, സ്കൂൾ കിറ്റുകൾ വാങ്ങുന്നതിനാവശ്യമായ തുക സമാഹരിച്ചോ  കേരളത്തിലെ ഏതൊരാൾക്കും  വേൾഡ് ചാരിറ്റി ലോഞ്ചിനൊപ്പം കൈകോർക്കാമെന്ന്  പ്രവർത്തകർ അറിയിച്ചു. പഠനോപകരണങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ മെയ് 29 നുള്ളിൽ   9744155135  എന്ന നമ്പറുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളാവാം.