റഷ്യൻ ലോകകപ്പിൽ മാറ്റിയെഴുതപ്പെടാൻ പോകുന്ന റെക്കോർഡുകൾ..!
തകർക്കപെടില്ലെന്ന് ലോകം വിലയിരുത്തിയ നിരവധി റെക്കോർഡുകൾ തിരുത്തിയെഴുതപ്പെടുന്ന ‘വിസ്മയ ‘ ഭൂമികയാണ് ഓരോ ലോകകപ്പും. ലോകം അതുവരെ പരിചയിച്ചിട്ടില്ലാത്ത പല താരങ്ങളും നാളെയുടെ വാഗ്ദാനങ്ങളായി വാഴ്ത്തപ്പെടുന്ന കാഴ്ചയാണ് ഓരോ ലോകകപ്പിനെയും അവിസ്മരണീയമാക്കുന്നത്. കാല്പന്തുകളിയിലെ മുൻഗാമികൾ രചിച്ച ഇതിഹാസ ചരിത്രങ്ങൾ തിരുത്തിയെഴുതാൻ പോന്ന നിരവധി താരങ്ങൾ ഇത്തവണ ലോകകപ്പിനെത്തുന്നുണ്ട്. റഷ്യൻ ലോകകപ്പിന് വിസിലുയരുന്നതോടെ തകർക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കാം…
ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരം
നാല്പത്തിമൂന്നു വയസ്സിൽ കൊളമ്പിയയ്ക്കായി ലോകകപ്പിൽ കളിക്കാനിറങ്ങിയ മൊൺഡ്രാഗോണായിരുന്നു ലോകകപ്പിൽ ബൂട്ടുകെട്ടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ.എന്നാൽ റഷ്യൻ ലോകകപ്പിനെത്തിയ ഈജിപ്ത് ടീമിന്റെ ഗോൾ കീപ്പർ എസ്സം എൽ ഹദരി കളിക്കാനിറങ്ങുന്നതോടെ ഏറ്റവും പ്രായം കൂടിയ കളിക്കാരന്റെ റെക്കോർഡ് തിരുത്തപ്പെടും. 45 വയസ്സും അഞ്ചു മാസവുമാണ് ഹദരിയുടെ പ്രായം
ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നായകൻ
അർജന്റീനയുടെ നായകനായി ആറു ഗോളുകൾ നേടിയ ഡീഗോ മറഡോണയ്ക്കാണ് ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നായകന്റെ റെക്കോർഡ്. എന്നാൽ അർജന്റീനയുടെ തന്നെ ലയണൽ മെസ്സിയാണ് ഈ റെക്കോർഡ് തകർക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന താരം. മൂന്നു ഗോളുകൾ കൂടി നേടിയാൽ ഡീഗോ മറഡോണയുടെ പേരിലുള്ള റെക്കോർഡ് മെസ്സിക്ക് സ്വന്തമാക്കാം.
കളിക്കാരനായും പരിശീലകനായും കിരീടം നേടിയ താരങ്ങൾ
ബ്രസീലിന്റെ മാറിയോ സഗല്ലോയും ജർമനിയുടെ ഫ്രാൻസ് ബൈക്കാണ്ബോവറുമാണ് കളിക്കാരനായും പരിശീലകന്റെ റോളിലും ലോക കിരീടം ഉയർത്തിയിട്ടുള രണ്ടു താരങ്ങൾ. റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനെ ലോക കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞാൽ നിലവിലെ പരിശീലകനായ ദിദിയർ ദെഷാംസിനും ഈ ഇതിഹാസ പട്ടികയിൽ പേരെഴുതി ചേർക്കാം.1998 ൽ ഫ്രാൻസിനെ ലോകകിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ഈ മുൻ ഡിഫെൻസിവ് മിഡ്ഫീൽഡർ. യുവത്വവും പരിചയസമ്പത്തും ഒരു പോലെ സമ്മേളിക്കുന്ന കരുത്തുമായി ലോകകപ്പിനെത്തുന്ന ഫ്രാൻസ് ഇത്തവണ ഫേവറിറ്റുകളുടെ പട്ടികയിൽ മുന്നിലുണ്ട്