ക്രൊയേഷ്യൻ കരുത്തിൽ ചാരമായി അർജെന്റിന; മെസ്സിപ്പട ലോകകപ്പിൽ നിന്നും പുറത്തേക്ക്..!

June 22, 2018


അർജന്റീന തോറ്റുപോയിരിക്കുന്നു.ആദ്യ മത്സരത്തിൽ ഐസ് ലാൻഡിനോട് സമനില വഴങ്ങിയ മെസ്സിപ്പട ഇത്തവണ ക്രൊയേഷ്യക്ക് മുൻപിൽ തകർന്നു പോയിരിക്കുന്നു.. വിസ്മയ നീക്കങ്ങളിലൂടെ അർജന്റീനയുടെ രക്ഷകനാകാറുള്ള സാക്ഷാൽ ലയണൽ മെസ്സി, ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിയുന്ന ‘വെറുമൊരു കളിക്കാരൻ’ മാത്രമായി ഒതുങ്ങിപ്പോയ മത്സരത്തിൽ മൂന്നു തവണയാണ്  ക്രൊയേഷ്യൻ വെടിയുണ്ടകൾ അർജന്റീനൻ ഹൃദയം കീറിമുറിച്ചത്.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അർജന്റീനൻ ആരാധകർ അവിശ്വസനീയതയോടെയാണ് ഇന്നലത്തെ മത്സരം കണ്ടു നിന്നിട്ടുണ്ടാവുക. ചങ്കിടിപ്പു പോൽ നെഞ്ചോട് ചേർത്ത ടീം തോറ്റിരിക്കുന്നുവെന്ന യാഥാർത്യത്തെക്കാളുപരി അവരെ വേദനിപ്പിച്ചിട്ടുണ്ടാകുക  ഇന്നലെ തങ്ങളുടെ ടീം പുറത്തെടുത്ത കളിയുടെ നിലവാരത്തെക്കുറിച്ചോർത്തായിരിക്കും..

മൈതാന മധ്യങ്ങളിൽ കാൽപന്തുമായി കവിത വിരിയിക്കാറുള  മറഡോണയുടെ പിന്മുറക്കാർ, ആ മഹാരഥനെ സാക്ഷി നിർത്തിക്കൊണ്ടു തന്നെ അക്ഷരാർത്ഥത്തിൽ കളി മറക്കുന്ന കാഴ്ചയായിരുന്നു നിസ്‌നി സ്റ്റേഡിയത്തിൽ കണ്ടത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അർജന്റീനൻ ഗോളി ക്യാബല്ലെറോ വരുത്തിയ പിഴവിൽ നിന്നുമാണ് രണ്ടാം പകുതിയിൽ ക്രൊയേഷ്യ മുന്നിലെത്തിയത്. ക്രോയേഷ്യൻ പ്രതിരോധ താരം റെബിച്ചാണ് ആദ്യ ഗോൾ നേടിയത്. ഒരു ഗോളിന് പിന്നിലായതോടെ പ്രതിരോധം മറന്ന് ആക്രമിക്കാനിറങ്ങിയ അർജന്റീനയെ തകർത്തെറിഞ്ഞുകൊണ്ട് 80ാം മിനുട്ടിൽ മോഡ്രിച്ചും 91ാം മിനുട്ടിൽ റാക്റ്റിച്ചും മെസ്സിപ്പടയുടെ വല കുലുക്കി.

ദുർബലമായ പ്രതിരോധമാണെന്ന് ബോധ്യമുണ്ടായിട്ടും 3-4-3 എന്ന ഫോർമേഷനിൽ ടീമിനെ വിന്യസിച്ച സാംപോളിയുടെ മണ്ടത്തരവും തോൽ‌വിയിൽ നിർണ്ണായക പങ്കു വഹിച്ചു. 3-5-2  ൽ ക്രൊയേഷ്യൻ പ്രതിരോധത്തെ ആക്രമിക്കാനിറങ്ങിയ അർജെന്റീനയെ  മോഡ്രിച്ചും റാക്റ്റിച്ചും ചേർന്ന ക്രൊയേഷ്യൻ മധ്യ നിര  ലോങ്ങ് ബാൾ ഗെയിമിലൂടെയാണ് തറപറ്റിച്ചത്. ഒരു തികവൊത്ത ഫുൾ ബാക്കിന്റെ അഭാവം ടീമിന്റെ പ്രതിരോധത്തിൽ ഉണ്ടാക്കിയ അപകടകരമായ വിടവ് സമർത്ഥമായി ഉപയോഗിച്ചാണ് ക്രൊയേഷ്യ മത്സരം സ്വന്തമാക്കിയത്.

രണ്ടു മത്സരങ്ങളിൽ ഒന്നു വീതം സമനിലയും തോൽവിയും വഴങ്ങിയ അർജെന്റിനയുടെ വിധി നിർണയിക്കുക ഇനി മറ്റ് ടീമുകളുടെ പ്രകടനമാണ്..ഔദ്യോഗികമായി മെസ്സിയും കൂട്ടരും ടൂർണമെന്റിൽ നിന്നും പുറത്തായിട്ടില്ലെങ്കിലും ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ വെള്ളയിൽ നീല വരകളുള്ള കുപ്പായക്കാരെ റഷ്യയിൽ കാണാനാകൂ..