അന്നും അർജന്റീന നേരിട്ടത് സമാന സാഹചര്യങ്ങൾ! മെസ്സി മാജിക്കിൽ വിശ്വാസമർപ്പിച്ച് ആരാധകർ
2017 ഒക്ടോബർ 10…സ്ഥലം ഇക്വഡോറിലെ ക്വിറ്റോ സ്റ്റേഡിയം..റഷ്യൻ ലോകകപ്പിലേക്കുള്ള സൗത്ത് അമേരിക്കൻ ടീമുകളുടെ യോഗ്യത മത്സരത്തിലെ അവസാന അങ്കത്തിനായി ഇക്വഡോറിനെതിരെ മെസ്സിപ്പട ഇറങ്ങുമ്പോൾ ലോകം മുഴുവനുമുള്ള അർജന്റീനൻ ആരാധകർ നിറഞ്ഞ പ്രാർത്ഥനകളുമായി കൈകൂപ്പി നിൽക്കുകയായിരുന്നു… ഒരു സമനിലയോ പരാജയമോ നേരിട്ടാൽ റഷ്യൻ ലോകകപ്പിൽ നിന്നും പുറത്താവുമെന്ന നടുക്കുന്ന യാഥാർഥ്യമാണ് കോടിക്കണക്കായ അർജന്റീനൻ ആരാധകരുടെ ഉറക്കം കെടുത്തിയത്.
വിജയിക്കാനായില്ലെങ്കിൽ തങ്ങളെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്ന ബോധ്യം നൽകിയ കനത്ത സമ്മർദവുമായി കളത്തിലിറങ്ങിയ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് ഇക്വഡോർ ആദ്യ ഗോൾ നേടി. ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്ന് കടുത്ത അർജന്റീനൻ ആരാധകർ പോലും സംശയിച്ചു തുടങ്ങിയ സമയം…! പക്ഷെ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്തവന്റെ പോരാട്ടവീര്യവുമായി സാക്ഷാൽ ലയണൽ മെസ്സി അക്ഷരാർത്ഥത്തിൽ മിശിഹായായി അവതരിക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഫുട്ബാൾ ലോകം സാക്ഷ്യം വഹിച്ചത്.
എണ്ണം പറഞ്ഞ മൂന്നു ഗോളുകളാണ് ലയണൽ മെസ്സിയെന്ന ഇതിഹാസ താരത്തിന്റെ ബൂട്ടുകളിൽ നിന്നും ഇക്വഡോർ വല തുളച്ചു കയറിയത്. ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ ഒരു മാത്രാ പരാജയം മുന്നിൽ കണ്ട അതേ അർജെന്റിന ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇക്വഡോറിനെ തോൽപ്പിച്ചു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, മെസ്സിയുടെ ഹാട്രിക്കിലൂടെ അർജന്റീന ലോകകപ്പ് യോഗ്യത നേടിയിരിക്കുന്നു…!
ലോകകപ്പ് യോഗ്യതപോലും ചോദ്യചിഹ്നമായി മാറിയ അർജന്റീനക്ക് അവിശ്വസനീയമായ രീതിയിൽ വിജയം സമ്മാനിച്ച മെസ്സിയിൽ നിന്നും സമാനമായ മറ്റൊരു മാജിക്കാണ് ഫുട്ബാൾ ലോകം പ്രതീക്ഷിക്കുന്നത്.
അന്ന് ഇക്വഡോറായിരുന്നു പ്രതിയോഗികളെങ്കിൽ ഇന്ന് ആഫ്രിക്കൻ കരുത്തുമായെത്തുന്ന നൈജീരിയൻ കടമ്പയാണ് മെസ്സിയെ കാത്തിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും തികഞ്ഞ പരാജയമായി മാറിയ അർജന്റീന ഇത്തവണ കിരീടം നേടുമെന്ന് കടുത്ത ആരാധകർ പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. എന്നാലും ഇന്ന് നൈജീരിയക്കെതിരെ മറ്റൊരു മെസ്സി മാജിക്ക് അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നവരായിരിക്കും അവരിൽ ഏറെയും.
റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബർഗ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11.30 ന് ആ കുറിയ മനുഷ്യൻ വീണ്ടുമിറങ്ങും. ഒരു രാജ്യത്തിൻറെ മുഴുവൻ പ്രാർത്ഥനയുടെയും ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകളുടെയും ഭാരവും പേറി കളത്തിലിറങ്ങുന്ന ലയണൽ ആന്ദ്രെസ് മെസ്സി എന്ന പ്രിയപ്പെട്ട മിശിഹായ്ക്ക് ഒരിക്കൽ കൂടി അത്ഭുതം പ്രവർത്തിക്കാൻ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം..!