നാടകാന്ത്യം അർജന്റീന…! നൈജീരിയയെ തോൽപ്പിച്ച് മെസ്സിപ്പട പ്രീക്വാർട്ടറിൽ

June 27, 2018

ലോകമെമ്പാടുമുള്ള കോടിക്കണക്കിന്  അർജന്റീനൻ ആരാധകരുടെ പ്രാർത്ഥന ഫലിച്ചിരിക്കുന്നു…! റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മെസ്സിയും സംഘവും ടിക്കറ്റെടുത്തിരിക്കുന്നു…നിർണ്ണായകമായ മത്സരത്തിൽ  നൈജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. സമനിലയിലവസാനിക്കുമെന്ന്  തോന്നിച്ച മത്സരത്തിന്റെ 86ാാ൦ മിനുട്ടിൽ മർക്കസ് റോജോ നേടിയ ഗോളിലാണ് അർജന്റീന പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്.

മത്സരത്തിൻറെ പതിനാലാം മിനുട്ടിൽ നായകൻ മെസ്സിയിലൂടെ അർജന്റീനയാണ് മുന്നിലെത്തിയത്.എന്നാൽ രണ്ടാം പകുതിയിൽ അനാവശ്യമായി വഴങ്ങിയ പെനാൽറ്റിയിലൂടെ അർജന്റീന ഒരു ഗോൾ വഴങ്ങി… വിക്ടർ മോസസാണ് പെനാൽറ്റിയിലൂടെ  നൈജീരിയക്കായി സമനില ഗോൾ നേടിയത്. ഗോൾ രണ്ടാം ഗോളിനായി  അർജന്റീനൻ താരങ്ങൾ നിരന്തര ആക്രമങ്ങളുമായി നൈജീരിയൻ ഗോൾ മുഖത്തെത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു.

ലോകകപ്പിൽ നിന്നും പുറത്താകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ്   പകരക്കാരനായി ഇറങ്ങിയ  മാർക്കസ് റോജോ അർജന്റീനയുടെ  രക്ഷകനായി അവതരിച്ചത്..!പ്രതിരോധതാരം മെർകാഡോ നൽകിയ കൃത്യമായ പാസിനെ മാർക്കോസ് റോജോ നൈജീരിയൻ വലയിലേക്ക് തിരിച്ചു വിട്ടപ്പോൾ സെന്റ്പീറ്റേഴ്സ്ബർഗ് സ്റ്റേഡിയം ഒന്നടങ്കം ആർത്തിരമ്പുകയായിരുന്നു…1986 ൽ ‘ദൈവത്തിന്റെ കൈയ്യി’ലൂടെ നേടിയ ഗോളുമായി അർജന്റീനക്ക് ലോക കിരീടം സമ്മാനിച്ച സാക്ഷാൽ ഡീഗോ മറഡോണ, വിജയാനന്ദത്താൽ കണ്ണീർ പൊഴിക്കുന്ന കാഴ്ചയ്ക്കും സെന്റ്പീറ്റേഴ്സ്ബർഗ് സ്റ്റേഡിയം സാക്ഷിയായി.

പ്രീക്വാർട്ടറിൽ ഗ്രൂപ്പ് സി യിലെ ജേതാക്കളായ ഫ്രാൻസിനെയാണ് അർജന്റീനക്ക് നേരിടേണ്ടി വരിക..ഐസ്ലാൻഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലെത്തി. ഡെന്മാർക്കാണ് പ്രീക്വാർട്ടറിൽ ക്രൊയേഷ്യയുടെ എതിരാളികൾ.