ഗോളടിയിൽ റോണോയ്ക്ക് പിറകെ കെയ്‌നും ലുക്കാക്കുവും.! അടിപതറാതെ ബെൽജിയവും ഇംഗ്ലണ്ടും

June 19, 2018

ആദ്യ മത്സരങ്ങളിൽ പല  വമ്പൻ ടീമുകൾക്കും  അടിപതറുന്ന കാഴ്ച്ചയാണ് റഷ്യൻ ലോകകപ്പിൽ കാണുന്നത്. ലോക ചാമ്പ്യന്മാരായ ജർമ്മനിയെ മെക്സിക്കോ അട്ടിമറിച്ചപ്പോൾ, ഫാൻ ഫേവറിറ്റുകളായ അർജന്റീനയും ബ്രസീലും സമനിലയിൽ പിരിഞ്ഞു. രണ്ടു ദിവസങ്ങളിലായി മൂന്നു വമ്പന്മാർക്ക് അടി തെറ്റിയപ്പോൾ ലോകം മുഴുവനുള്ള ആരാധകർ ചങ്കിടിപ്പോടെയാണ്  വമ്പൻതാരനിരയുമായെത്തുന്ന ഇംഗ്ലണ്ടിന്റെയും ബെൽജിയത്തിന്റെയും അരങ്ങേറ്റത്തിനായി കാത്തിരുന്നത്.

എന്നാൽ ഇംഗ്ലണ്ടിനായി സൂപ്പർ താരം ഹാരി കെയ്‌നും ബെൽജിയത്തിനായി റൊമേലു ലുക്കാക്കുവും ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു കളിച്ചപ്പോൾ ഇരു ടീമുകളും വിജയത്തോടെ ലോകകപ്പിന് തുടക്കം കുറിച്ചു. പനാമയെ  എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബെൽജിയം തകർത്തത്. സ്‌ട്രൈക്കർ മെർട്ടൻസ് നേടിയ ഗോളിൽ 48ാം മിനുട്ടിൽ ലീഡ് നേടിയ ബെൽജിയത്തിനായി 70, 76 മിനുട്ടുകളിലായാണ് ലുക്കാക്കു  വല കുലുക്കിയത്.

ആഫ്രിക്കൻ കരുത്തുമായെത്തിയ ട്യുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് കരുത്തരായ ഇംഗ്ലണ്ട് വരവറിയിച്ചത്. ആദ്യ പകുതിയിൽ 11ാം മിനുട്ടിലും രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലുമാണ് ഹരി കെയ്ൻ നിർണ്ണായകമായ ഗോളുകൾ നേടിയത്. 35ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഫെർജ്ജനി സാസ്സി നേടിയ ഗോളിൽ ടുണീഷ്യ സമനില പിടിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കെയ്‌നിന്റെ വിജയ ഗോൾ പിറന്നത്.

ഇരട്ട ഗോളുകളോടെ വിജയ ശില്പികളായി മാറിയ ലുക്കാക്കുവും കെയ്‌നും  ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വെല്ലുവിളി ഉയർത്തുകയാണ്. സ്പെയിനിനെതിരെ ഹാട്രിക് നേടിയ റൊണാൾഡോയാണ് ലോകകപ്പിൽ   നിലവിലെ  ഗോൾ സ്കോറര്മാരിൽ  ഒന്നാമൻ