ഗ്രൂപ്പ് ജിയിലെ ചാമ്പ്യനെ ഇന്നറിയാം; വിജയകുതിപ്പ് തുടരാൻ ഇംഗ്ലണ്ടും ബെൽജിയവും
റഷ്യൻ ലോകകപ്പിലെ ഇതര ഗ്രൂപ്പുകളിൽ നിന്നും വിഭിന്നമാണ് ബെൽജിയവും ഇംഗ്ളണ്ടും ഉൾപ്പെടുന്ന ജി ഗ്രൂപ്പിന്റെ അവസ്ഥ. അവസാന വിസിലു വരെ അനിശ്ചിതത്വം നിറഞ്ഞു നിന്ന മത്സരക്രമങ്ങൾക്കാണ് മറ്റു ഗ്രൂപ്പുകൾ വേദിയായതെങ്കിൽ ഗ്രൂപ്പ് ജി യിൽ എല്ലാം വളരെ സിംപിളായിരുന്നു.രണ്ടു വീതം മത്സരങ്ങൾ വിജയിച്ച ഇംഗ്ലണ്ടും ബെൽജിയവും ഇതിനോടകം തന്നെ പ്രീക്വാർട്ടർ ഉറപ്പാക്കിയപ്പോൾ ഇരട്ട പരാജയങ്ങളോടെ ട്യുണീഷ്യയും പനാമയും റഷ്യയിൽ നിന്നുമുള്ള മടക്കയാത്രയും ഉറപ്പിച്ചു കഴിഞ്ഞു.
പ്രീക്വാർട്ടർ ഉറപ്പായെങ്കിലും ജി ഗ്രൂപ്പിലെ ചാമ്പ്യന്മാരെ നിർണ്ണയിക്കാനുള്ള അവസാന അങ്കത്തിനിറങ്ങുകയാണ് ബെൽജിയവും ഇംഗ്ലണ്ടും..വിജയത്തുടർച്ചയുമായി നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയെന്ന ലക്ഷയത്തോടെയാകും ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുക. കരിയറിലെ ഏറ്ററ്വും മികച്ച ഫോമിൽ കളിക്കുന്ന ബെൽജിയം താരം ലുക്കാക്കുവും ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നുമായിരിക്കും ഇന്നത്തെ മത്സരത്തിലെ പ്രധാന നോട്ടപ്പുള്ളികൾ. മികച്ച ഫോമിൽ ഒരുപിടി സൂപ്പർ താരങ്ങളുടെ കരുത്തുമായി ഇരു ടീമുകളും കൊമ്പുകോർക്കുമ്പോൾ കലിനിൻഗ്രാഡ് സ്റ്റേഡിയത്തിൽ ആവേശം വാനോളമുയരുമെന്നുറപ്പാണ്. ഇന്ന് രാത്രി 11.30 നാണ് മത്സരം.
ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ട്യുണീഷ്യയ്ക്കും പനാമയ്ക്കും ഒരു ആശ്വാസവിജയം നേടാനുള്ള അവസാന അവസരമാണ് ഇന്നത്തെ മത്സരം. ഇംഗ്ലണ്ടിന്റെയും ബെൽജിയത്തിൻെറയും പരിചയസമ്പത്തിനും പ്രൊഫെഷണലിസത്തിനും മുന്നിൽ തകർന്നുപോയ ഇരു ടീമുകളും അവസാന മല്സരം വിജയിച്ചുകൊണ്ട് റഷ്യയിൽ നിന്നും യാത്ര പറയാനാകും ശ്രമിക്കുക