എക്സ്ട്രാ ടൈമിൽ ഇരട്ട ഗോളുകളുമായി കാനറി മാജിക്ക് ; കോസ്റ്റാറിക്കയെ തകർത്ത് ബ്രസീലിയൻ വിജയ ഗാഥയ്ക്ക് തുടക്കം
എക്സ്ട്രാ ടൈമിൽ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ നോർത്ത് അമേരിക്കൻ ശക്തികളായ കോസ്റ്ററിക്കയെ പരാജയപ്പെടുത്തി ബ്രസീൽ. നിശ്ചിത സമയത്ത് കോസ്റ്ററിക്കൻ പ്രതിരോധം ബേധിക്കാൻ കഴിയാതിരുന്ന ബ്രസീലിനായി കളിയുടെ അധിക സമയത്ത് കുട്ടീഞ്ഞോയും, നെയ്മറുമാണ് ഗോളുകൾ നേടിയത്.
മത്സരത്തിന്റെ 91ാം മിനുട്ടിൽ കുട്ടീഞ്ഞോയാണ് ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ആടിയുലഞ്ഞ കോസ്റ്റാറിക്കൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത നെയ്മർ അധിക സമയത്തിന്റെ ഏഴാം മിനുട്ടിൽ രണ്ടാം ഗോളും നേടുകയായിരുന്നു. ഡഗ്ലസ് കോസ്റ്റ നൽകിയ ക്രോസിൽ നിന്നുമാണ് നെയ്മർ ഗോൾ കണ്ടെത്തിയത്.
മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച ബ്രസീൽ ഏതു സമയവും ഗോൾ നേടുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.എന്നാൽ അസാധ്യ ഫോമിൽ ഗോൾ വല കാത്ത കോസ്റ്റാറിക്കൻ ഗോൾ കീപ്പർ കെയ്ലർ നവാസിന്റെ മിന്നുന്ന സേവുകളാണ് മത്സരത്തിൽ ബ്രസീലിനെ ഗോളിൽ നിന്നും അകറ്റി നിർത്തിയത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് ബ്രസീൽ മുന്നേറ്റത്തെ വിജയകരമായി തടഞ്ഞു നിർത്തിയ കോസ്റ്റാറിക്കയ്ക്ക് പക്ഷെ എക്സ്ട്രാ ടൈമിൽ അടി പതറുകയായിരുന്നു.വിജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് ഇ യിൽ ഒന്നാം സ്ഥാനത്തേക്കുയരാനും ബ്രസീലിനായി.രണ്ടു മത്സരങ്ങളും പരാജയപ്പെട്ട കോസ്റ്റാറിക്ക ലോകകപ്പിൽ നിന്നും പുറത്തായി.