റഷ്യയിൽ ‘കാനറി കുതിപ്പ്’; തോൽവിയറിയാതെ നെയ്മറും കൂട്ടരും പ്രീക്വാർട്ടറിൽ

June 28, 2018

 

അട്ടിമറിക്കരുത്തുമായെത്തിയ കുഞ്ഞൻ ടീമുകൾക്ക് തകർക്കാൻ കഴിയുന്നതല്ല ബ്രസീലിന്റെ പോരാട്ടവീര്യം…! നാലു വർഷങ്ങൾക്ക് മുന്നേ മാരക്കാനയിൽ പൊഴിഞ്ഞ കണ്ണീരിന് ലോക കിരീടവുമായി പ്രായശ്ചിത്തം ചെയ്യാനുള്ള നെയ്മറുടെയും സംഘത്തിന്റെയും പോരാട്ടത്തിന്റെ ആദ്യ കടമ്പ വിജയകരമായി പിന്നിട്ടിരിക്കുന്നു..!.അതും വമ്പന്മാർ കാലിടറി വീണ റഷ്യൻ ലോകകപ്പിൽ ഒരു പരാജയം പോലും രുചിക്കാതെയാണ് കാനറികൾ അവസാന പതിനാറിലെത്തിയിരിക്കുന്നത്..!

വിള്ളലേൽക്കാത്ത പ്രതിരോധകോട്ട കെട്ടിയും മധ്യനിരയിൽ  മനോഹരമായ കളി മെനഞ്ഞും മൂർച്ചയേറിയ ആക്രമണങ്ങളിലൂടെ സെർബിയൻ പ്രതിരോധത്തെ കീറിമുറിച്ചും കളം നിറഞ്ഞു കളിച്ച ബ്രസീൽ മറ്റു ടീമുകൾക്ക് കൃത്യമായ മുന്നറിയിപ്പാണ് നൽകുന്നത്..സാംബ താളത്തിൽ മൈതാനങ്ങളിൽ വിസ്മയം തീർത്ത സുവർണ്ണ തലമുറയുടെ  പാതയിൽ തന്നെയാണ് തങ്ങളും മുന്നേറുന്നതെന്ന് വിളിച്ചുപറയുകയാണ് നെയ്മറും കൂട്ടരും.

ലോക കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യവും തങ്ങൾക്കില്ലെന്ന് എതിരാളികളെ ബോധ്യപ്പെടുത്തുന്ന ശരീരഭാഷയും വിജയതൃഷ്ണയുമായി കളത്തിലിറങ്ങിയ ബ്രസീൽ തുടക്കം മുതലേ ആക്രമണ ഫുട്ബാൾ പുറത്തെടുത്തു..മധ്യനിരയും മുന്നേറ്റനിരയും മികച്ച ഒത്തിണക്കത്തോടെ ഒരുക്കിയ അസംഖ്യം നീക്കങ്ങൾക്കുള്ള ആദ്യ ഫലം ലഭിച്ചത് 36ാം മിനുട്ടിലാണ്..കുട്ടീഞ്ഞോ ഉയർത്തി നൽകിയ കൃത്യമായ പാസ്സിനെ ഒരു ചിപ്പ് ഷോട്ടിലൂടെ പൗളിഞ്ഞോ വലയിലെത്തിക്കുകയായിരുന്നു.

 

രണ്ടാം പകുതിയുടെ തുടക്കത്തിൽ സെർബിയ ആക്രമണത്തിന് മുതിർന്നുവെങ്കിലും 68ാം മിനുട്ടിൽ തിയാഗോ സിൽവ നേടിയ ഗോളിലൂടെ ബ്രസീൽ മത്സരം സ്വന്തമാക്കുകയിരുന്നു.നെയ്മറെടുത്ത ഫ്രീകിക്കിൽ നിന്നുമാണ് തിയാഗോ ബ്രസീലിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്.

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ നിർണ്ണായക ഘടകമായ മാഴ്സെലോയെ മത്സരത്തിന്റെ തുടക്കത്തിലെ നഷ്ടപ്പെട്ടിട്ടും താളം പിഴക്കാത്ത മികച്ച ഫുട്ബാൾ കാഴ്ചവെക്കാൻ  ബ്രസീലിനു കഴിഞ്ഞുവെന്നത് മുന്നോട്ടുള്ള വഴികളിൽ കാനറികൾക്ക് വലിയ ആത്മവിശ്വാസം പകരും.

ഗ്രൂപ്പ് ഇ യിൽ രണ്ടു വിജയവും ഒരു സമനിലയുമായി ഏഴുപോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീൽ പ്രീക്വാർട്ടറിൽ എത്തിയിരിക്കുന്നത്