ജയിക്കാനുറച്ച് ബ്രസീൽ; അട്ടിമറി പ്രതീക്ഷകളുമായി കോസ്റ്റാറിക്ക
ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലാൻഡിനോട് സമനില വഴങ്ങേണ്ടി വന്ന മഞ്ഞപ്പട ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു.. നോർത്ത് അമേരിക്കൻ ശക്തികളായ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. വമ്പൻ ടീമുകൾ തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന റഷ്യൻ ലോകകപ്പിൽ രണ്ടാം മത്സരത്തിൽ വിജയത്തോടെ കരുത്തു തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ് കാനറികൾ.
സൂപ്പർ താരം നെയ്മർ തന്നെയാകും ബ്രസീലിന്റെ കുന്തമുന. എന്നാൽ ആദ്യ മത്സരത്തിൽ നെയ്മറിനെ കായികമായി നേരിട്ട സ്വിസ് തന്ത്രം പിന്തുടരാൻ കോസ്റ്റാറിക്കയും തയ്യാറായാകുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
ആദ്യ മത്സരത്തിൽ സെർബിയയോട് ഒരു ഗോൾ പരാജയം ഏറ്റുവാങ്ങിയ കോസ്റ്റാറിക്കയ്ക്ക് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മികച്ച രീതിയിൽ കളിച്ചിട്ടും വിജയം നേടാനാകാതെ പോയ ആദ്യ മത്സരത്തിൽ വരുത്തിയ പിഴവുകൾ തിരുത്തിയാകും ടിറ്റെ പരിശീലിപ്പിക്കുന്ന ബ്രസീൽ ടീം ഇന്ന് കളത്തിലിറങ്ങുക..ടിറ്റെയുടെ അംബാൻഡ് റൊട്ടേഷൻ പോളിസിയുടെ ഭാഗമായി തിയാഗോ സിൽവയാണ് ഇന്ന് ടീമിനെ നയിക്കുക. ആദ്യ മത്സരത്തിൽ മാഴ്സെലോയായിരുന്നു ടീമിന്റെ നായകൻ.