ഏറ്റവും മികച്ചവൻ മെസ്സി..പക്ഷെ കിരീടം അർജന്റീനക്കല്ല; ഛേത്രിയുടെ ലോകകപ്പ് പ്രവചനം
റഷ്യൻ ലോകകപ്പിന് അരങ്ങുണരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ കിരീട സാധ്യതയുള്ള ടീമുകൾ ഏതൊക്കെയെന്ന് പ്രവചിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി. ഇന്റർകോണ്ടിനെന്റൽ കപ്പിൽ മിന്നുന്ന പ്രകടനത്തോടെ കിരീടം ചൂടിയതിനു ശേഷമാണ് ഇന്ത്യയുടെ ഫുട്ബാൾ നായകൻ ലോകകപ്പിലെ ടീമുകളുടെ പ്രകടനങ്ങളെക്കുറിച്ചുള്ള പ്രവചനം നടത്തിയത്.
ഛേത്രിയുടെ അഭിപ്രായത്തിൽ നാലു ടീമുകളാണ് റഷ്യയിൽ ലോക കിരീടമുയർത്താൻ സാധ്യത കൂടുതൽ. ജർമനി, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ എന്നിവരാണ് ഛേത്രിയുടെ ഫേവറിറ്റുകൾ. ലോകകപ്പിനെത്തിയ താരങ്ങളിൽ ഏറ്റവും മികച്ചവൻ അർജന്റീനയുടെ ലയണൽ മെസ്സിയാണെന്ന് തുറന്നു പറഞ്ഞ ഇന്ത്യൻ നായകൻ പക്ഷെ ഫേവറിറ്റുകളുടെ പട്ടികയിൽ അർജന്റീനയെ ഉൾപ്പെടുത്തിയിട്ടില്ല.
മറ്റു ലോകകപ്പുകളിൽ നിന്നും വിഭിന്നമായി ഇംഗ്ലണ്ട് ഇത്തവണ ഏറെ മുന്നേറാൻ സാധ്യതയുണ്ടെന്നും ടൂർണമെന്റിലെ കറുത്ത കുതിരകളാകാൻ ഏ സാധ്യതയുണ്ടെന്നും ഛേത്രി പ്രവചിക്കുന്നു. ലോകോത്തര താരങ്ങളുമായി റഷ്യയിലെത്തിയ ബെൽജിയത്തെയും എഴുതിത്തള്ളാനാവില്ലെന്നും ഇന്ത്യൻ ഹീറോ മുന്നറിയിപ്പ് നൽകുന്നു.
നിലവിലെ കളിക്കാരിൽ സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ലയണൽ മെസ്സിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്ന ഇന്ത്യൻ നായകന്റെ പ്രവചനങ്ങൾ ശരിയാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ഇന്ത്യയ്ക്കായി 102 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഛേത്രി 64 ഗോളുകൾ നേടിയാണ് അർജന്റീനൻ ഇതിഹാസത്തിനൊപ്പമെത്തിയിരിക്കുന്നത്. 149 മത്സരങ്ങളിൽ നിന്നായി 81 ഗോളുകൾ നേടിയ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുളത്.