ലോകകപ്പ് ; പത്തു പേരായി ചുരുങ്ങിയിട്ടും വീര്യം ചോരാതെ കൊളമ്പിയ; ഒടുവിൽ ക്യുൻടെറോയിലൂടെ സമനില
ജപ്പാനെതിരെ ആറാം മിനുട്ടിൽ പത്തു പേരുമായി ചുരുങ്ങിയിട്ടും ഒരു ഗോളിന് പിറകിലായിട്ടും പോരാട്ട വീര്യം ചോരാതെ കളി മെനഞ്ഞ കൊളംബിയക്ക് ഒടുവിൽ സമനില ഗോൾ.. മത്സരത്തിന്റെ 39ാം മിനുട്ടിൽ ഫ്രീകിക്കിലൂടെയാണ് ക്യുൻടെറോ സമനില ഗോൾ കണ്ടെത്തിയത്. പെനാൽറ്റി ബോക്സിന്റെ ഇടത്തെ മൂലയിൽ നിന്നും തൊടുത്തു വിട്ട ഷോട്ട് ജപ്പാൻ ഗോൾ കീപ്പർ തടഞ്ഞിട്ടുവെങ്കിലും പന്ത് ഗോൾ വര കടന്നിരുന്നു..
ഗോൾ ലൈൻ ടെക്നോളജിയിലൂടെ പന്ത് ഗോൾ വര കടന്നുവെന്ന് ഉറപ്പാക്കിയത്തോടെ കൊളമ്പിയക്ക് അർഹിച്ച സമനില ഗോൾ ലഭിക്കുകയായിരുന്നു.
മത്സരത്തിന്റെ ആറാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഷിൻജി കഗാവയിലൂടെയാണ് ജപ്പാൻ ലീഡ് നേടിയത്. ജപ്പാൻ താരത്തിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് പെനാൽറ്റി ബോക്സിൽ കൈകൊണ്ട് തടുത്തിട്ടതിനാണ് കൊളംബിയക്കെതിരെ റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി ബോക്സിൽ പന്ത് കൈകൊണ്ട് തടഞ്ഞ കൊളംബിയൻ താരം കാർലോസ് സാഞ്ചസിന് റെഡ് കാർഡ് ലഭിച്ചതോടെ മത്സരത്തിൽ പത്തു പേരുമായി ചുരുങ്ങുകയായിരുന്നു കൊളംബിയ.
എന്നാൽ ആൾബലം കുറഞ്ഞിട്ടും തികഞ്ഞ പോരാട്ടവീര്യം കാണിച്ച കൊളംബിയ നിരന്തം ആക്രമിച്ചു കളിച്ചതോടെ ഏതു സമയവും ഗോൾ മടക്കുമെന്ന് പ്രതീതി ജനിച്ചു.ഒടുവിൽ 39ാ൦ മിനുറ്റിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് ക്യുൻടെറോയിലൂടെ കൊളംബിയ ഒപ്പമെത്തുകയായിരുന്നു