പ്രീ ക്വാർട്ടറിലെ എട്ടു ടീമുകളുടെ ചിത്രം തെളിഞ്ഞു; ആദ്യ നാലു ഗ്രൂപ്പുകാരുടെ പ്രീക്വാർട്ടർ ഫിക്സ്ച്ചർ പരിശോധിക്കാം

June 27, 2018


ആവേശകരമായ ഗ്രൂപ്പ് മത്സരങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് റഷ്യൻ ലോകകപ്പ് പ്രീക്വാർട്ടർ ചൂടിലേക്ക് കടക്കാനൊരുങ്ങുകയാണ്..ആദ്യ നാല് ഗ്രൂപ്പുകളിൽ നിന്നായി എട്ടു ടീമുകൾ ഇതിനോടകം തന്നെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾക്കു ശേഷമാണ് അവസാന പതിനാറിലെത്തുന്ന ടീമുകളുടെ പൂർണ്ണ ചിത്രം തെളിയുക. എ,ബി,സി,ഡി  ഗ്രൂപ്പുകളിൽ നിന്നായി പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയ ടീമുകളും അവരുടെ എതിരാളികളും ആരൊക്കെയെന്നു പരിശോധിക്കാം..

ഗ്രൂപ്പ് എയിൽ നിന്നും ഒന്നാംസ്ഥാനക്കാരായി ഉറുഗ്വായും രണ്ടാം സ്ഥാനത്തോടെ ആതിഥേയരായ റഷ്യയുമാണ് പ്രീക്വാർട്ടർ ടിക്കറ്റ് നേടിയത്. ഗ്രൂപ്പ് ബിയിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനും യൂറോ ജേതാക്കളായ പോർച്ചുഗലും പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പ് സിയിൽ ഫ്രാൻസും ഡെന്മാർക്കും പ്രീക്വാർട്ടറിലെത്തിയപ്പോൾ  ക്രോയേഷ്യയും അർജന്റീനയുമാണ് പ്രീക്വാർട്ടറിലെ ഗ്രൂപ്പ് ഡി പ്രതിനിധികൾ. ആദ്യ നാലുഗ്രൂപ്പുകാരുടെ പ്രീക്വാർട്ടർ ലൈനപ്പ് നോക്കാം

അർജന്റീന – ഫ്രാൻസ്


ലയണൽ മെസ്സിയുടെ അർജന്റീനയും ഗ്രീസ്മാന്റെ ഫ്രാൻസും തമ്മിലുള്ള പോരാട്ടത്തോടെയാണ് റഷ്യൻ ലോകകപ്പിലെ പ്രീക്വാർട്ടർ വേദി ഉണരുക .ആദ്യ മത്സരത്തിൽ ഐസ്ലാൻഡിനോട് സമനിലയും രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോൽവിയും വഴങ്ങിയ അർജന്റീന അവസാന മത്സരത്തിൽ നൈജീരിയയെ തോൽപ്പിച്ചാണ് അവസാന പതിനാറിലെത്തിയത്.എന്നാൽ ഫ്രാൻസാകട്ടെ  ഗ്രൂപ്പ് സിയിൽ രണ്ടു വിജയവും ഒരു സമനിലയുമായി പരാജയമറിയാതെയാണ് പ്രീക്വാർട്ടറിൽ എത്തിയത്.പോഗ്ബയും,എംബാപ്പയും ഗ്രീസ്മാനുമടക്കമുള്ള ശക്തരായ മുന്നേറ്റ താരങ്ങൾക്ക് തടയിടാൻ അർജന്റീനയുടെ  പ്രതിരോധ നിരയ്ക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം. ജൂൺ 30 ശനിയാഴ്ച കസാൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഉറുഗ്വ-പോർച്ചുഗൽ

പ്രീക്വാർട്ടറിലെ രണ്ടാം മത്സരത്തിൽ ഉറുഗ്വായും പോർച്ചുഗലും ഏറ്റുമുട്ടും.എ ഗ്രൂപ്പിൽ മൂന്നു മത്സരങ്ങളും വിജയിച്ചെത്തുന്ന സുവാരസിന്റെ ഉറുഗ്വായും, ഒരു വിജയവും രണ്ടു സമനിലയുമായെത്തുന്ന ക്രിസ്റ്യാനോയുടെ  പോർച്ചുഗലും തമ്മിലുള്ള പോരാട്ടത്തിൽ ആവേശം വാനോളമുയരുമെന്നുറപ്പാണ്.ജൂൺ 30 ന്  സോച്ചി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

സ്പെയിൻ-റഷ്യ

ജൂലായ് 1 നു നടക്കുന്ന മൂന്നാം പ്രീക്വാർട്ടർ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനും ആതിഥേയരായ റഷ്യയുമാണ് കൊമ്പുകോർക്കുന്നത്. സ്വന്തം കാണികൾക്ക് മുൻപിൽ രണ്ടു വിജയങ്ങൾ നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്  റഷ്യ എത്തുന്നത്. എന്നാൽ  മൂന്നു മത്സരങ്ങളിൽ ഒരു വിജയവും രണ്ടു സമനിലകളുമായാണ് സ്പെയിനിന്റെ വരവ്..മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം.

ക്രൊയേഷ്യ-ഡെന്മാർക്ക് 

ഗ്രൂപ്പ് ഡിയിൽ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചാണ് ക്രൊയേഷ്യ ഡെന്മാർക്കിനെ നേരിടാനിറങ്ങുന്നത്,ഡെന്മാർക്കാകട്ടെ ഒരു വിജയവും രണ്ടു സമനിലയുമായി ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടർ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ജൂലൈ 1 നു നിസ്‌നി സ്റ്റേഡിയത്തിലാണ് മത്സരം.