‘സെക്കന്റ് ഷോ’യ്ക്ക് കണ്ടുമുട്ടിയവർ ഫസ്റ്റ് ഷോയ്ക്ക് ഒന്നിക്കുന്നു..!

June 6, 2018

6 വർഷം മുൻപ് ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ  മലയാള സിനിമയിൽ ജൈത്രയാത്രക്ക് തുടക്കമിട്ട യുവതാരങ്ങൾ ദുൽഖർ സൽമാനും സണ്ണി വെയ്‌നും ഇന്ന് വ്യത്യസ്‌തമായ ഒരു ട്രൈലെർ ലോഞ്ചിന് തയ്യാറെടുക്കുന്നു. സണ്ണി വെയ്ൻ നിർമ്മിക്കുന്ന ആദ്യ നാടകം ‘ മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്തി’ന്റെ ട്രെയ്‌ലറാണ് ദുൽഖർ സൽമാൻ പുറത്തിറക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട നാടകത്തിന്റെ ട്രെയ്‌ലർ തന്റെ ഫേസ്ബുക് പേജിലൂടെ ഇന്ന് വൈകുന്നേരം ആറു മണിക്ക് ദുൽഖർ സൽമാൻ പുറത്തിറക്കും.

സണ്ണി വെയ്ൻ പ്രൊഡക്ഷന്സിലൂടെ പുറത്തിറങ്ങുന്ന  ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്തി’ന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിജു കൃഷ്‌ണനാണ്.ഒരു യുവനടൻ തുടങ്ങിയ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ നിർമാണ സംരംഭം ഒരു നാടകമാണെന്ന കൗതുകകരമായ വസ്തുത ഇതിനോടകം മീഡിയയിൽ ചർച്ചയയായിട്ടുണ്ട്. സാഗ എന്റർടൈൻമെന്റ്സുമായി സഹകരിച്ചാണ് സണ്ണിവെയ്ൻ നാടകം നിർമ്മിച്ചിരിക്കുന്നത്.  കൊച്ചിയിലെ ജോസ് തോമസ് പെർഫോമിംഗ് ആർട്സ് സെന്ററിൽ ജൂൺ 10 ന് നാടകം പ്രദർശിക്കപ്പെടും. മലയാള സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ നാടകം കാണാൻ എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.