എന്താണ് വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം..?; ഫിഫയുടെ വീഡിയോ കാണാം

June 10, 2018


റഷ്യൻ ലോകകപ്പിലെ ഏറ്റവും വലിയ പുതുമകളിൽ ഒന്നാണ് വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം. ലോകകപ്പിലെ മത്സരങ്ങളെ കൂടുതൽ പിഴവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിആർഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പുതിയ സങ്കേതവുമായി ഫിഫ എത്തുന്നത്.

ഓഫ്‌സൈഡ്, പെനാല്‍റ്റി, ഫൗള്‍ തുടങ്ങിയവ വീഡിയോ വിശകലനത്തിലൂടെ പരിശോധിച്ച് റഫറിമാര്‍ക്ക് തീരുമാനമെടുക്കാന്‍ അവസരമൊരുക്കുന്ന വിപ്ലവാത്മകമായ സങ്കേതമാണ് വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം.

കഴിഞ്ഞ വര്‍ഷത്തെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവയില്‍ വിജയകരമായി നടപ്പാക്കിയ ശേഷമാണ് ലോകകപ്പിലേക്കും വിഎആര്‍ സാങ്കേതികവിദ്യ ഫിഫ കൊണ്ടുവന്നിരിക്കുന്നത്. ലോകകപ്പിന്  മുന്നോടിയായി വിഎആർ സിസ്റ്റം എന്താണെന്നും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ആരാധകർക്ക്  ബോധ്യപ്പെടുത്തുന്ന  വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഫിഫ.

വിഎആർ സങ്കേതത്തിലൂടെ  ഫീൽഡ് റഫറിയെ സഹായിക്കാനായി ഒരു വീഡിയോ അസിസ്റ്റന്റ് റഫറിയും മൂന്നു അസിസ്റ്റന്റ് റഫറിമാരും നാലു  റീപ്ലേ ഓപ്പറേറ്റർമാരും അടങ്ങുന്ന ടീം മോസ്കോയിലെ ഇന്റർനാഷണൽ  ബ്രോഡ്‌കാസ്റ്റിംഗ്‌ സെന്ററിൽ ഉണ്ടാകും. മത്സരത്തിൽ ഒരു ഫൗൾ നടന്നാലോ, ഓഫ്‌സൈഡ് വിളിക്കേണ്ട സാഹചര്യങ്ങളിലോ ഫീൽഡ് റഫറിക്ക് സംശയങ്ങളുണ്ടായാൽ വിഎആർ ടീമുമായി ആശയ വിനിമയം നടത്തുകയും വീഡിയോ റീപ്ലേകളിലൂടെ ശരിയായ തീരുമാനമെടുക്കാൻ ഫീൽഡ് റഫറിക്ക് അവസരമൊരുങ്ങുകയും ചെയ്യും.

ഫുട്ബോളിലെ അതിവേഗ നീക്കങ്ങൾക്കിടയിൽ നടക്കുന്ന ഫൗളുകളോ, ഓഫ്‌സൈഡുകളോ, പെനാൽറ്റി സാഹചര്യങ്ങളോ പലപ്പോഴും റഫറിമാരുടെ കണ്ണുകളിൽ പെടാറില്ല.എന്നാൽ വിഎആർ സിസ്റ്റം വരുന്നതോടെ മാനുഷികമായി സംഭവിക്കാവുന്ന പിഴവുകൾ ചൂണ്ടിക്കാണിക്കാനും ശരിയായ തീരുമാനം കൈക്കൊള്ളാൻ ഫീൽഡ് റഫറിക്ക് നിർദ്ദേശങ്ങൾ നൽകാനും സാധിക്കും. വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തെക്കുറിച്ച് വിശദമാക്കുന്ന ഫിഫയുടെ വീഡിയോ കാണാം