ലോകകപ്പ്; പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം;അഗ്നി പരീക്ഷക്കൊരുങ്ങി സൂപ്പർ താരങ്ങൾ

June 30, 2018

റഷ്യൻ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം..ആദ്യ മത്സരത്തിൽ ലയണൽ മെസ്സിയുടെ അർജന്റീന  യൂറോപ്പ്യൻ കരുത്തുമായെത്തുന്ന ഫ്രാൻസിനെ നേരിടും.രണ്ടാം അങ്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വായും മാറ്റുരക്കും.


ഇന്ന് രാത്രി 7.30 കസാനിലാണ് അർജന്റീന-ഫ്രാൻസ് പോരാട്ടം അരങ്ങേറുക.ഗ്രൂപ്പ് സി യിൽ രണ്ടു വിജയവും സമനിലയുമായി ചാമ്പ്യന്മാരായാണ് ദിദിയർ ദെഷാംസിന്റെ ഫ്രഞ്ചുപട അവസാന പതിനാറിലെത്തിയത്. ഐസ്ലാൻഡുമായി സമനില വഴങ്ങിക്കൊണ്ട് ലോകകപ്പിന് തുടക്കം കുറിച്ച അർജന്റീന ക്രൊയേഷ്യക്കെതിരെ പിണഞ്ഞ കനത്ത തോൽവിയുടെ നടുക്കുന്ന ഓർമകളുമായി തന്നെയാവും കരുത്തരായ ഫ്രാൻസിനെ നേരിടാനിറങ്ങുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നൈജീരിയയെ തോൽപ്പിച്ച് ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കരയാണ് സാംപോളി പരിശീലിപ്പിക്കുന്ന അർജന്റീന പ്രീക്വാർട്ടറിലെത്തിയത്..

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കവാനിയും സുവാരസും അണിനിരക്കുന്ന ഉറുഗ്വൻ പട പോർച്ചുഗലിന്റെ നേരിടാനിറങ്ങുന്നത്. രണ്ടു സമനിലയും ഒരു വിജയവുമായി ബി ഗ്രൂപ്പിൽ സ്പെയിനിനു താഴെ രണ്ടാമന്മാരായാണ് പോർച്ചുഗൽ പ്രീക്വാർട്ടർ ടിക്കറ്റെടുത്തത്.ഇന്ന് രാത്രി 11 .30 ന് സോച്ചിയിലാണ് ഉറുഗ്വായ്-പോർച്ചുഗൽ പോരാട്ടം അരങ്ങേറുക..